നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് കെ.സി. വേണുഗോപാൽ ചർച്ച നടത്തി
ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം സജീവം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചതായാണ് വിവരം.
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും പ്രശസ്ത നടനുമായ പ്രേംകുമാർ സിപിഎം വിട്ട് കോൺഗ്രസിലേക്ക് നീങ്ങുന്നതായി സൂചനകൾ. പ്രേംകുമാറിനെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചതായാണ് വിവരം. കോൺഗ്രസിൽ ചേർന്നാൽ അർഹമായ പരിഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കെപിസിസി അംഗം ജെ.എസ്. അഖിൽ ഇന്ന് രാത്രി എട്ട് മണിക്ക് പ്രേംകുമാറിന്റെ വസതിയിലെത്തി ചർച്ച നടത്തും. ഈ കൂടിക്കാഴ്ചയോടെ രാഷ്ട്രീയ മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രേംകുമാറിനെ കാട്ടാക്കട മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പ്രധാനപ്പെട്ട ബോർഡ് - കോർപറേഷൻ ചെയർമാൻ പദവിയാണ് നിലവിൽ പാർട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.
സിപിഎമ്മിനെതിരെ കടുത്ത വിമർശനം
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പെട്ടെന്ന് മാറ്റിയതിലുള്ള അതൃപ്തി പ്രേംകുമാർ പരസ്യമാക്കിയിരുന്നു. കാരണങ്ങൾ വ്യക്തമാക്കാതെ തന്നെ ഒഴിവാക്കിയതിനെതിരെ അദ്ദേഹം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. സർക്കാരിനെ വിമർശിച്ച സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ ഇപ്പോഴും സ്ഥാനത്ത് തുടരുമ്പോൾ തനിക്കെതിരെ മാത്രം നടപടിയുണ്ടായത് 'ഇരട്ടനീതി' ആണെന്നും പ്രേംകുമാർ ആരോപിച്ചിരുന്നു.
അതേസമയം, കോൺഗ്രസിലേക്കുള്ള മാറ്റത്തെക്കുറിച്ച് പ്രേംകുമാർ ഇതുവരെ പൂർണ്ണമായി മനസ്സ് തുറന്നിട്ടില്ല. ചർച്ചകൾ നടക്കുന്നുണ്ടാകാമെന്നും എന്നാൽ ഔദ്യോഗികമായി ആരും സംസാരിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. തന്റെ നിലപാടുകളിൽ ചില വ്യക്തതകൾ വരുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേംകുമാറിന്റെ വരവ് തിരുവനന്തപുരം ജില്ലയിലെ പാർട്ടി പ്രവർത്തനത്തിന് ഗുണകരമാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

