കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിനി നൗഷിക മരിച്ചു. നിരവധി പേർക്ക് പരിക്ക്.
കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നഗരത്തിലെ കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി യുവതി മരിച്ചു. പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് ആഷിക്കിന് അപകടത്തിൽ പരിക്കേറ്റു.
നിയന്ത്രണം വിട്ട കാർ നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച ശേഷം മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന നൗഷികയെ ഉടൻതന്നെ എസ്‌യുടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ നാല് കാറുകൾക്കും രണ്ട് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റതായാണ് വിവരം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.