3.5 ലക്ഷം വനിതകൾക്ക് തൊഴിൽ നൽകി മന്ത്രി വീണാ ജോർജ്
കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ കേരള വനിത വികസന കോർപറേഷൻ വഴി മൂന്നര ലക്ഷത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകാൻ സർക്കാരിന് സാധിച്ചു
നാലര വർഷത്തിനിടെ 3.5 ലക്ഷം വനിതകൾക്ക് തൊഴിൽ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ കേരള വനിത വികസന കോർപറേഷൻ വഴി മൂന്നര ലക്ഷത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകാൻ സർക്കാരിന് സാധിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച ‘എസ്‌കലേറെ ദി വിമെൻ ഫെസ്റ്റ് 2026’ (Escalera The Women Fest 2026) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും മുന്നേറാൻ സ്ത്രീകൾക്ക് കഴിയണം. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പകൾക്ക് പുറമെ കൺസൾട്ടൻസി സേവനങ്ങളും വനിത വികസന കോർപറേഷൻ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ജെൻഡർ ബജറ്റ് ഉൾപ്പെടെയുള്ള വിപ്ലവകരമായ പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ചടങ്ങിൽ സമ്മാനദാനം നിർവഹിച്ചു. പർവ്വതാരോഹക ബിന്ദു ഒ.എൻ ഉൾപ്പെടെയുള്ള പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി, ഹരിത വി. കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. മികച്ച പ്രവർത്തനം കാഴ്ചവെച്ച തൃശൂർ, വയനാട് ജില്ലാ ഭരണകൂടങ്ങൾക്കുള്ള ഐ.സി.ഡി.എസ് (ICDS) അവാർഡുകളും മന്ത്രി വിതരണം ചെയ്തു

