കൊച്ചിൻ കാർണിവൽ
കൊച്ചിൻ കാർണിവൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി സഹകരിക്കണമെന്ന് മേയർ
കൊച്ചിൻ കാർണിവൽ: സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി; സഹകരിക്കണമെന്ന് മേയർ
കൊച്ചി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചിൻ കാർണിവലിന് എത്തുന്നവർ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ അഭ്യർത്ഥിച്ചു. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കൊച്ചുകുട്ടികളുമായി എത്തുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ മേയർ പറഞ്ഞു.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് കാർണിവലിന്റെ പ്രധാന വേദിയാകുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ നടക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയായിരിക്കുന്നത്.
ഗതാഗത നിയന്ത്രണങ്ങളും പോലീസ് സുരക്ഷയും:
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. 1200 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
പാർക്കിംഗ്: പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരങ്ങളിൽ പാർക്കിംഗ് നിരോധിച്ചു. ബുധനാഴ്ച (ഡിസംബർ 31) ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
റോറോ ജങ്കാർ: വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകുന്നേരം 4 മണി വരെയും യാത്രക്കാരെ 7 മണി വരെയും മാത്രമേ അനുവദിക്കൂ. ഇതിനുശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് മടങ്ങുന്നവർക്ക് മാത്രമേ ജങ്കാർ സൗകര്യം ലഭിക്കൂ.
യാത്രാസൗകര്യം: ബസ് സർവീസുകൾ പുലർച്ചെ 3 മണി വരെ ലഭ്യമായിരിക്കും. കൊച്ചി മെട്രോ പുലർച്ചെ 2 മണി വരെയും വാട്ടർ മെട്രോ പുലർച്ചെ 4 മണി വരെയും സർവീസ് നടത്തും.
വാർത്താസമ്മേളനത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണയും പങ്കെടുത്തു.

