മേയർക്ക് എതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ

കോർപ്പറേഷൻ തോൽവി സിപിഐഎമ്മിൽ പൊട്ടിത്തെറി; മേയർക്ക് എതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ ​

മേയർക്ക് എതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ

കോർപ്പറേഷൻ തോൽവി: സിപിഐഎമ്മിൽ പൊട്ടിത്തെറി; മേയർക്ക് എതിരെ രൂക്ഷ വിമർശനവുമായി മുൻ കൗൺസിലർ

​തിരുവനന്തപുരം: കോർപ്പറേഷനിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐഎമ്മിൽ രൂക്ഷമായ പൊട്ടിത്തെറി. മേയർ ആര്യ രാജേന്ദ്രന് എതിരെ മുൻ കൗൺസിലറും കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന ഗായത്രി ബാബു രംഗത്തെത്തി. പാർട്ടി നേതൃത്വത്തിനെ ഞെട്ടിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു മേയർക്കെതിരായ വിമർശനം. എന്നാൽ വിവാദമായതിന് പിന്നാലെ മുൻ കൗൺസിലർ പോസ്റ്റ് പിൻവലിച്ചു.

​പ്രധാന വിമർശനങ്ങൾ:

​"കരിയർ വളർത്താനുള്ള കോക്കസായി ഓഫീസിനെ കണ്ടു": മേയർ തന്റെ ഓഫീസ് കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി മാറ്റിയെന്നും പ്രാദേശിക നേതാക്കളുടെയോ സഖാക്കളുടെയോ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നും ഗായത്രി ബാബു പോസ്റ്റിൽ പറയുന്നു.

​"പാർട്ടിയെക്കാൾ വലുതെന്ന ഭാവം": പേര് പരാമർശിക്കാതെയാണ് വിമർശനമെങ്കിലും, ചിലർക്ക് പാർട്ടിയെക്കാൾ വലുതെന്ന ഭാവമാണ്. തന്നെക്കാൾ താഴ്‌ന്നവരോട് പുച്ഛമാണ്.

​"ജനകീയത ഇല്ലാതാക്കി": കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കി. അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചു.

​"ടീം വർക്ക് ഉണ്ടായില്ല": "ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ ഇത്ര കനത്ത തിരിച്ചടി ഉണ്ടാകില്ലായിരുന്നു" എന്നും പോസ്റ്റിൽ വിമർശിച്ചിരുന്നു.

​മേയറെ കാണാൻ പുറത്ത് കാത്തുനിന്നിരുന്നവരെ പോലും കണ്ടില്ലെന്നും, കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോയിരുന്നെങ്കിൽ ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടിയെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

​സിപിഐഎമ്മിന്റെ യുവമുഖവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമായിരുന്ന ആര്യ രാജേന്ദ്രൻ വിമർശനങ്ങളുടെ നിഴലിലായിരിക്കെയാണ് മുൻ കൗൺസിലറുടെ പരസ്യ പ്രതികരണം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരിക്കുന്നത്. വിഷയം പാർട്ടി ഗൗരവമായി എടുക്കുമെന്നാണ് സൂചന.