പെരുമ്പാവൂരിൽ സ്ത്രീധന തർക്കം ഭാര്യയെ പ്ലൈവുഡ് പലകകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ പോഞ്ഞാശേരിയിൽ സ്ത്രീധന തുക നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് ഭാര്യയെ പ്ലൈവുഡ് പലക കൊണ്ട് അടിച്ചുകൊന്ന കേസിൽ അസം സ്വദേശിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
പെരുമ്പാവൂരിൽ സ്ത്രീധന തർക്കം: ഭാര്യയെ പ്ലൈവുഡ് പലകകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ: ഭാര്യപിതാവ് ചോദിച്ച പണം നൽകാത്തതിലുള്ള വിരോധത്തെ തുടർന്ന് ഭാര്യയെ പ്ലൈവുഡ് പലക കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. അസം നഗോൺ സ്വദേശി റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോഞ്ഞാശേരി ചമ്പാരത്ത് കുന്ന് തുറപാലം ഭാഗത്ത് താമസിക്കുന്ന അസം സ്വദേശിനി മർസിൻസ് കത്തൂൺ (29) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
പ്രതിയായ റബ്ബുൾ അമീൻ ഭാര്യപിതാവിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക നൽകാൻ ഭാര്യവീട്ടുകാർ തയ്യാറാകാത്തതിനെ തുടർന്ന് ഇയാൾക്ക് ഭാര്യയോട് കടുത്ത വിരോധമുണ്ടായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. വീടിനുള്ളിൽ വെച്ച് പ്ലൈവുഡ് പലക ഉപയോഗിച്ച് മർസിൻസിനെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ സുഭാഷ്, ജോജോ ജോർജ്, അസരിഫ്, ഷഫീഖ്, ആദർശ്, എ.എസ്.ഐമാരായ രതീശൻ, ശ്രീജ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അതിവേഗം വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.