കുടുംബങ്ങളെ പൊട്ടിച്ചിരിപ്പിച്ച് മധുവിധു ഷറഫുദീനും സംഘവും തിയേറ്ററുകൾ കീഴടക്കുന്നു
ഷറഫുദീൻ കല്യാണി പണിക്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഫാമിലി എന്റർടൈനർ ‘മധുവിധു’ തിയേറ്ററുകളിൽ വൻ തരംഗമാകുന്നു. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്.
കുടുംബങ്ങളെ പൊട്ടിച്ചിരിപ്പിച്ച് ‘മധുവിധു’; ഷറഫുദീനും സംഘവും തിയേറ്ററുകൾ കീഴടക്കുന്നു
കൊച്ചി: മലയാളി പ്രേക്ഷകർക്ക് ചിരിയുടെ മധുവിധു സമ്മാനിച്ച് ഷറഫുദീൻ നായകനായ പുതിയ ചിത്രം ‘മധുവിധു’ ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം നടത്തുന്നു. ഏപ്രിൽ 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ പ്രദർശനം മുതൽക്കേ മികച്ച അഭിപ്രായമാണ് നേടിയെടുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ക്ലീൻ ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്.
അഞ്ച് പുരുഷന്മാർ മാത്രമുള്ള ഒരു കുടുംബത്തിന്റെ രസകരമായ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. ഷറഫുദീൻ-കല്യാണി ജോഡിയുടെ കെമിസ്ട്രിയും ചിത്രത്തിലെ കോമഡി മുഹൂർത്തങ്ങളും പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നു.
ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ജഗദീഷിന്റെയും അസീസിന്റെയും കോമഡി ടൈമിംഗിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതവും വിശ്വജിത്തിന്റെ ഛായാഗ്രഹണവും സിനിമയുടെ മാറ്റ് കൂട്ടുന്നു.
ഇന്റർവെൽ ട്വിസ്റ്റും കുടുംബ ബന്ധങ്ങളുടെ വൈകാരികമായ ആവിഷ്കാരവും ചിത്രത്തെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. കുടുംബ പ്രേക്ഷകർക്കൊപ്പം തന്നെ യുവാക്കളെയും ചിത്രം ആകർഷിക്കുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ തീയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളുമായി ‘മധുവിധു’ കുതിക്കുമെന്നാണ് സൂചന. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം. കേരളത്തിൽ അജിത് വിനായക ഫിലിംസും ഓവർസീസിൽ ഫാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിച്ചത്.