ബട്ടർഫ്ലൈ ഗേൾ 85 പ്രശാന്ത് മുരളി ചിത്രം മാർച്ച് 6 ന് റിലീസ് ചെയ്യും
പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബട്ടർഫ്ലൈ ഗേൾ 85 മാർച്ച് 6 ന് തീയേറ്ററുകളിലെത്തും. സോഷ്യൽ മീഡിയയും ഐഡന്റിറ്റി പ്രതിസന്ധിയുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇൻസ്റ്റാഗ്രാം ലോകത്തെ ഐഡന്റിറ്റി പ്രതിസന്ധി; പ്രശാന്ത് മുരളിയുടെ ‘ബട്ടർഫ്ലൈ ഗേൾ 85’ മാർച്ച് 6ന് തിയേറ്ററുകളിലേക്ക്
കൊച്ചി: സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ആധുനിക ലോകത്ത് മനുഷ്യബന്ധങ്ങളും വ്യക്തിത്വവും നേരിടുന്ന വെല്ലുവിളികൾ പ്രമേയമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബട്ടർഫ്ലൈ ഗേൾ 85’ മാർച്ച് 6-ന് തീയേറ്ററുകളിലെത്തുന്നു. 'പൈസ പൈസ', 'ലാൽബാഗ്' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 4D പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീധന്യ വിശ്വനാഥ് തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.
ദേശീയ-അന്തർദേശീയ തലങ്ങളിൽ ഇതിനോടകം 44-ഓളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ ചിത്രം ഡിജിറ്റൽ യുഗത്തിലെ സങ്കീർണ്ണമായ ജീവിതസാഹചര്യങ്ങളെയാണ് വരച്ചുകാട്ടുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാകാൻ ആഗ്രഹിക്കുന്ന ധന്യ എന്ന യുവതിയുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. കൊച്ചി നഗരത്തിലെ ഇന്റീരിയർ ഡിസൈനറായ ധന്യ, സോഷ്യൽ മീഡിയയിലെ പ്രശസ്തിക്ക് പിന്നാലെ പോകുമ്പോൾ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും യാഥാർത്ഥ്യങ്ങളുമാണ് സിനിമയുടെ കാതൽ.
വൈറൽ സംസ്കാരത്തിനിടയിൽ സ്വന്തം അസ്തിത്വം നഷ്ടപ്പെടുന്ന യുവതലമുറയ്ക്ക് ഒരു മുന്നറിയിപ്പും പ്രചോദനവുമാകും ഈ ചിത്രമെന്ന് സംവിധായകൻ പറഞ്ഞു. ശ്രീധന്യ വിശ്വനാഥിനൊപ്പം ഇഷിക എമിൽ, ഷിൻസ് ഷാൻ, അൻവർ സാദിക്ക്, കലേഷ് പരമേശ്വർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കൊച്ചിയും തിരുപ്പൂരും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്:
ഛായാഗ്രഹണം: അനിൽ വിജയ്
സംഗീതം: ആനന്ദ് മധുസൂദനൻ (വരികൾ: അജീഷ് ദാസ്)
ആലാപനം: സിത്താര കൃഷ്ണകുമാർ, ഹിഷാം അബ്ദുൽ വഹാബ്, സച്ചിൻ വാര്യർ
എഡിറ്റിംഗ്: സുനീഷ് സെബാസ്റ്റ്യൻ

