മന്ത്രിയായാൽ ഒരുമാതിരി പണി കാണിക്കരുത് സജി ചെറിയാനെതിരെ ആഞ്ഞടിച്ച് എം.എം മണി

ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനത്തിന് മന്ത്രി സജി ചെറിയാൻ നേരിട്ടെത്താത്തതിനെതിരെ രൂക്ഷവിമർശനവുമായി എം.എം മണി എം.എൽ.എ

മന്ത്രിയായാൽ ഒരുമാതിരി പണി കാണിക്കരുത് സജി ചെറിയാനെതിരെ ആഞ്ഞടിച്ച് എം.എം മണി
ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനത്തിന് മന്ത്രി സജി ചെറിയാൻ നേരിട്ടെത്താത്തതിനെതിരെ രൂക്ഷവിമർശനവുമായി എം.എം മണി എം.എൽ.എ

​മന്ത്രിയായാൽ ഒരുമാതിരി പണി കാണിക്കരുത്; സജി ചെറിയാനെതിരെ ആഞ്ഞടിച്ച് എം.എം മണി

​ഇടുക്കി: ഫിഷറീസ് വകുപ്പിന്റെ ചെങ്കുളം മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നേരിട്ടെത്താതെ ഓൺലൈനായി പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി എം.എൽ.എ. "മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്" എന്ന് പരസ്യമായി പറഞ്ഞ മണി, ഉദ്യോഗസ്ഥരോട് താൻ പറഞ്ഞത് മന്ത്രിയെ അറിയിക്കണമെന്നും വേദിയിൽ വെച്ച് നിർദേശിച്ചു.

​ചെങ്ങുളം മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലായിരുന്നു നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. നിശ്ചയിച്ച പ്രകാരം മന്ത്രി നേരിട്ട് എത്താത്തതിലും അവസാന നിമിഷം ഉദ്ഘാടനം ഓൺലൈനാക്കിയതിലുമാണ് എം.എൽ.എ തന്റെ അതൃപ്തി പരസ്യമാക്കിയത്.

​"അയാൾക്ക് പിന്നെ അവിടെ എന്തു ജോലിയാണ്? ഞങ്ങളെ എന്തിനാണ് ഇങ്ങനെ മെനക്കെടുത്തുന്നത്. സജി ചെറിയാൻ അവിടെ ഇരുന്ന് ഉണ്ടാക്കേണ്ട കാര്യമുണ്ടോ? ഞാനും എ. രാജ എം.എൽ.എയും പോരേ ഇവിടെ ഉദ്ഘാടനം നടത്താൻ. തിരുവനന്തപുരത്ത് ഇരുന്ന് ഉണ്ടാക്കൽ... ഡീസലടിച്ച് മെനക്കെടാൻ നമ്മളും," മണി പ്രസംഗത്തിനിടെ ആഞ്ഞടിച്ചു.

​ഉച്ചയോടെയാണ് ഉദ്ഘാടനം ഓൺലൈനായിരിക്കുമെന്ന വിവരം സംഘാടകർ അറിയിച്ചത്. ഈ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച മണി, മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. സി.പി.എം നേതാക്കൾ തമ്മിലുള്ള ഈ പരസ്യമായ വാക്പോര് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.