ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കാസർകോട് പരപ്പയിലെ ഗോത്രവിഭാഗം വിദ്യാർത്ഥികൾക്കായി ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താര യുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു.
ഗോത്രവിഭാഗത്തിലെ 135 വിദ്യാർത്ഥികൾക്കായി ‘ആകാശംലോ ഒക താര’യുടെ പ്രത്യേക പ്രദർശനം; കുട്ടികൾക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ
കാസർകോട്: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പരപ്പയിലെ ഗോത്രവിഭാഗത്തിൽപ്പെട്ട 135 വിദ്യാർത്ഥികൾക്കായി ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലുള്ള മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളിലെ അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് നവംബർ 26-ന് പുതുതായി ആരംഭിച്ച പരപ്പ മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സിൽ ചിത്രം കണ്ടത്. സംരംഭത്തിന് പിന്തുണയറിയിച്ച ദുൽഖർ സൽമാൻ, സിനിമ കണ്ട വിദ്യാർത്ഥികൾക്ക് നന്ദിയും അറിയിച്ചു.
വീട്ടിൽ നിന്ന് അകന്ന് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായാണ് പ്രദർശനം ഒരുക്കിയത്. ഭരണഘടനാ ദിനത്തിൽ ഹോസ്റ്റലുകളിൽ നടത്തിയ ബോധവൽക്കരണ പരിപാടികൾക്ക് ശേഷമായിരുന്നു സിനിമാ പ്രദർശനം. പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സന്തോഷകരമായൊരു ഇടവേള നൽകുന്നതിനൊപ്പം ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും കണ്ടെത്താൻ പ്രചോദനം നൽകുക എന്നതും ഇതിലൂടെ ലക്ഷ്യമിട്ടു.
മന്ത്രി കെ.എ. തുളസി ടീച്ചറുടെ നേതൃത്വത്തിൽ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിനോദത്തിനും മാനസിക ഉല്ലാസത്തിനും അവസരങ്ങൾ ഒരുക്കണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ അധ്യക്ഷനായ എസ്.സി/എസ്.ടി വികസന സമിതിയുടെ അംഗീകാരത്തോടെ പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’യിൽ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ആഗ്രഹിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. സമൂഹത്തിന്റെ അതിർവരമ്പുകൾ മറികടന്ന് സ്വപ്നങ്ങൾ നേടിയെടുക്കാൻ പ്രചോദനം നൽകുന്ന പ്രമേയം വിദ്യാർത്ഥികൾക്കും ഏറെ പ്രസക്തമായി. സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ കല്പനയായി എത്തുന്നത്. ശ്രുതി ഹാസൻ, റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളിൽ സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
450 രൂപയ്ക്ക് ഭാഗ്യം തേടിയെത്തുമോ? 25 കോടി ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിപണിയിലേക്ക്