സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം പമ്പുകളിൽ സ്റ്റോക്ക് തീരുന്നു, വിതരണത്തിന് നിയന്ത്രണം

തിരക്ക് ഒഴിവാക്കാനും പൂഴ്ത്തിവെപ്പ് തടയാനുമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ഫില്ലിങ്ങിൽ 5000 രൂപയ്ക്ക് മുകളിൽ പെട്രോൾ അടിക്കുന്നതിനും വലിയ ജാറുകളിൽ ബൾക്കായി പെട്രോൾ വാങ്ങുന്നതിനും നിയന്ത്രണമുണ്ട്

സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം പമ്പുകളിൽ സ്റ്റോക്ക് തീരുന്നു, വിതരണത്തിന് നിയന്ത്രണം
​സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം

​സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം; പമ്പുകളിൽ സ്റ്റോക്ക് തീരുന്നു, വിതരണം തടസ്സപ്പെട്ടു

​കൊച്ചി: തുടർച്ചയായ അവധികൾ വന്നതോടെ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. മേയ് ദിനവും പിന്നാലെ വന്ന ഞായറാഴ്ചയും കാരണം ടെർമിനലുകളിൽ നിന്ന് ലോഡിങ് നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. തിങ്കളാഴ്ച രാവിലെയോടെ സംസ്ഥാനത്തെ 25 ശതമാനത്തോളം പമ്പുകളിൽ സ്റ്റോക്ക് പൂർണ്ണമായും തീർന്നതായാണ് റിപ്പോർട്ടുകൾ.

​സാധാരണയായി പൊതുഅവധി ദിവസങ്ങളിൽ തൊട്ടടുത്ത ഞായറാഴ്ചകളിൽ ടെർമിനലുകൾ പ്രവർത്തിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. ഇതോടെ ശനിയാഴ്ച മുതൽ തന്നെ പല പമ്പുകളിലും ഇന്ധന ലഭ്യത കുറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടക്കമുള്ള കമ്പനികൾ കൊച്ചി ഇരുമ്പനത്തെ ടെർമിനലിൽ നിന്നാണ് തിരുവനന്തപുരം, പാലക്കാട് അടക്കമുള്ള ജില്ലകളിലേക്ക് ഇന്ധനം എത്തിക്കുന്നത്. നിലവിൽ സെയിൽസ് ഓഫീസർമാർ പമ്പുകളിലെ സ്റ്റോക്ക് നിരീക്ഷിച്ച ശേഷമാണ് പുതിയ ലോഡുകൾ അനുവദിക്കുന്നത്.

​നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരക്ക് ഒഴിവാക്കാനും പൂഴ്ത്തിവെപ്പ് തടയാനുമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ഫില്ലിങ്ങിൽ 5000 രൂപയ്ക്ക് മുകളിൽ പെട്രോൾ അടിക്കുന്നതിനും വലിയ ജാറുകളിൽ ബൾക്കായി പെട്രോൾ വാങ്ങുന്നതിനും നിയന്ത്രണമുണ്ട്. എന്നാൽ ഡീസൽ വിതരണത്തിന് നിലവിൽ തടസ്സങ്ങളില്ല.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഇന്ധനവില വർധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. ഇതോടെ പമ്പുകളിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ വില കൂടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ഇന്ധനം നിറയ്ക്കാൻ ഉപഭോക്താക്കൾ ശ്രമിക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.