മിൽമ പാൽ വില കൂടും ലിറ്ററിന് 4 രൂപ വർധിപ്പിക്കാൻ സർക്കാരിനോട് അനുമതി തേടി
കേരളത്തിൽ മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർധിപ്പിക്കാൻ ശുപാർശ. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനുമതിയോടെ ഉടൻ വില വർധനവ് നടപ്പിലാക്കും.
മിൽമ പാൽ വില വർധിപ്പിക്കാനൊരുങ്ങുന്നു: ലിറ്ററിന് നാല് രൂപ കൂട്ടാൻ സർക്കാരിനോട് അനുമതി തേടി
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലിറ്ററിന് നാല് രൂപ കൂട്ടാൻ അനുമതി തേടി മിൽമ സർക്കാരിന് അപേക്ഷ നൽകി. വില വർധനവ് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സർക്കാരിന്റെ അംഗീകാരം ലഭിച്ചാലുടൻ പുതുക്കിയ വില നിലവിൽ വരും.
ക്ഷീരകർഷകരുടെ ക്ഷേമവും ഉൽപ്പാദനച്ചെലവ് വർധിച്ചതും കണക്കിലെടുത്താണ് വില വർധിപ്പിക്കാൻ മിൽമ തീരുമാനിച്ചത്. നേരത്തെ, മിൽമ ആവശ്യപ്പെട്ടാൽ വില വർധനവ് പരിഗണിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാൽ വില കൂട്ടുന്നത് ജനരോഷത്തിന് കാരണമായേക്കുമെന്ന് സർക്കാർ വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിലുള്ള തന്റെ വിയോജിപ്പ് മന്ത്രി ചിഞ്ചുറാണിയെ അറിയിച്ചിരുന്നതായും സൂചനയുണ്ട്.
സെപ്റ്റംബറിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ജി.എസ്.ടി ഒഴിവാക്കിയ പശ്ചാത്തലത്തിൽ വില വർധന തൽക്കാലം വേണ്ടെന്ന് വെച്ചിരുന്നു. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാറ്റം വരുത്താനായിരുന്നു തീരുമാനം. മൂന്ന് മേഖല യൂണിയനുകളും വ്യത്യസ്ത ശുപാർശകളാണ് നൽകിയിരുന്നതെങ്കിലും കർഷകരുടെ താൽപ്പര്യം മുൻനിർത്തി നേരിയ വർധനവിന് സർക്കാർ പച്ചക്കൊടി കാട്ടിയേക്കും.

