സാമൂഹ്യ മാധ്യമങ്ങളും ഓൺലൈൻ ആപ്പുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കണം വനിതാ കമ്മീഷൻ
വ്യാപകമാകുന്ന സൈബർ കുറ്റകൃത്യങ്ങളും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചുള്ള സ്ത്രീകളുടെ അപകീർത്തിപ്പെടുത്തലുകളും തടയാൻ സാമൂഹ്യ മാധ്യമങ്ങളും ഓൺലൈൻ ആപ്പുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ ആവശ്യപ്പെട്ടു.
സാമൂഹ്യ മാധ്യമങ്ങളും ഓൺലൈൻ ആപ്പുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കണം: വനിതാ കമ്മീഷൻ
വയനാട്: സാമൂഹ്യ മാധ്യമങ്ങളും ഓൺലൈൻ ആപ്പുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമെങ്കിൽ നിരോധിക്കുകയോ കർശന നിയമനടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ വ്യക്തമാക്കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് യുവതലമുറ പലപ്പോഴും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ അപകടങ്ങളിൽപ്പെട്ട് ജീവിതം നശിപ്പിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. സൈബർ സെൽ, ഐടി ആക്ട് എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്ന ഓൺലൈൻ ആപ്പുകൾ ഇപ്പോൾ വ്യാപകമാണ്. മോർഫിംഗ്, സൈബർ സ്റ്റോക്കിംഗ് ഉൾപ്പെടെ വ്യാജ പ്രൊഫൈലുകൾ വരെ നിർമ്മിച്ച് സ്ത്രീകളെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള പ്രവണത വർദ്ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും നിയമങ്ങളും കർശനമായി നടപ്പിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അദാലത്തിൽ 32 പരാതികൾ പരിഗണിച്ചു
അദാലത്തിൽ ആകെ 32 പരാതികൾ പരിഗണനയ്ക്ക് വന്നു. ഇതിൽ 10 പരാതികൾ സംഭവസ്ഥലത്ത് തന്നെ തീർപ്പാക്കി. രണ്ട് കേസുകളിൽ പൊലീസിൽ നിന്നും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. 20 കേസുകൾ അടുത്ത അദാലത്തിൽ വാദം കേൾക്കാനായി മാറ്റിവെച്ചപ്പോൾ, പുതുതായി 7 പരാതികൾ കൂടി അദാലത്തിൽ സ്വീകരിച്ചു.