ഇന്ത്യ സ്‌കിൽസ് 2026 യുവാക്കൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ സുവർണ്ണാവസരം രജിസ്‌ട്രേഷൻ ആരംഭിച്ചു
ഇന്ത്യ സ്‌കിൽസ് 2026 ദേശീയ മത്സരങ്ങളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. 63 മേഖലകളിൽ നടക്കുന്ന മത്സരങ്ങൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും വിവരങ്ങളും അറിയാം.
ഇന്ത്യ സ്‌കിൽസ് 2026: രജിസ്‌ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15
തിരുവനന്തപുരം: യുവജനങ്ങളുടെ നൈപുണ്യശേഷി പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന 'ഇന്ത്യ സ്‌കിൽസ് 2026' മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും എൻ എസ് ഡി സിയും ചേർന്ന് സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് സംസ്ഥാനത്ത് കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് ആണ് നേതൃത്വം നൽകുന്നത്.
ഐസിടി, മാനുഫാക്ച്ചറിംഗ്, കൺസ്ട്രക്ഷൻ, ട്രാൻസ്പോർട്ടേഷൻ, ക്രീയേറ്റീവ് ആർട്‌സ്, പേർസണൽ സർവീസസ് എന്നീ 6 മേഖലകളിലെ 63 സ്‌കില്ലുകളിലാണ് മത്സരങ്ങൾ നടക്കുക. മത്സര നേട്ടങ്ങളിലൂടെ ലഭിക്കുന്ന അക്കാദമിക് ക്രെഡിറ്റുകൾ 'അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സി'ലേക്ക് ശേഖരിക്കാനും സാധിക്കും.
16 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. ജനറൽ സ്‌കില്ലുകൾക്ക് ഉയർന്ന പ്രായപരിധി 22 വയസും, അഡ്വാൻസ്ഡ് സ്‌കില്ലുകൾക്ക് 25 വയസുമാണ്. താത്പര്യമുള്ളവർ https://www.skillindiadigital.gov.in വഴി സെപ്തംബർ 15നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.