ആലപ്പുഴയുടെ പ്രളയ പ്രതിരോധത്തിന് ജലനിർഗമന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തണം മന്ത്രി എം. ലിജു
പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ജില്ലാതല ആശയരൂപീകരണ യോഗം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ പ്രളയ സാധ്യത ഒഴിവാക്കാൻ ജലനിർഗമന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തണം: മന്ത്രി എം ലിജു, ആലപ്പുഴ ബ്ലൂ ഇക്കോണമിയുടെ ആസ്ഥാനമാകും: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ 15ാം പഞ്ചവത്സര പദ്ധതി രൂപീകരണം ജില്ലാതല ആശയ രൂപീകരണ യോഗം ചേർന്നു
ആലപ്പുഴ: ജില്ലയുടെ അവിഭാജ്യ മേഖലയായ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രളയ സാധ്യത കുറയ്ക്കാൻ ജലനിർഗമന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തണമെന്ന് എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ജില്ലാതല ആശയരൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഡിങ് ചാനലിന്റെ ആഴം കൂട്ടണം. തൊട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം ആവശ്യമാണ്. പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ ഉൾനാടൻ കനാലുകൾ, ജലസ്രോതസ്സുകൾ എന്നിവ മെച്ചപ്പെടുത്തി ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കണം. ഇതിനായി പദ്ധതി രൂപീകരിച്ച് പണമനുവദിക്കണം. അരൂർ മുതൽ കായംകുളം വരെ വിസ്തൃതമായ 82 കിലോമീറ്റർ നീളമുള്ള തീരദേശം തുറമുഖ വികസനത്തിന് മുതൽക്കൂട്ടാകും. തീരദേശ മേഖലയുടെ ഭൗതിക വികസനത്തിനൊപ്പം അവിടുത്തെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തണം. തീരദേശ ജനതയുടെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ തൊഴിൽ-സാമൂഹിക-വരുമാന സുരക്ഷിതത്വം ഉറപ്പാക്കണം; ഭവന നിർമ്മാണ പ്രവർത്തികൾക്ക് തുടർച്ച വേണം. കടലിൽ പോകുന്നവർക്ക് സുരക്ഷ മുന്നൊരുക്കങ്ങളും വേണ്ടുന്ന ഉപകരണങ്ങളും ലഭ്യമാക്കണം.
കുട്ടനാടിന്റെ കാർഷിക അന്തരീക്ഷം മെച്ചപ്പെടുത്താൻ ആധുനിക കൃഷി രീതികൾ നടപ്പാക്കണം. പ്രളയകാലത്ത് ബണ്ടുകൾ തകരുന്നത് പ്രതിരോധിക്കാൻ സംവിധാനങ്ങൾ ഒരുക്കണം. പാടശേഖര സംരക്ഷണത്തിന് കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം. കുട്ടനാട് പാക്കേജ് പരിഷ്കരിക്കാൻ നടപടി സ്വീകരിക്കണം. ജില്ലയുടെ തനതായ വിനോദസഞ്ചാര സാധ്യതകൾ വിപുലീകരിക്കണം; ഒപ്പം പരിസ്ഥിതി സൗഹൃദ ഉത്തരവാദിത്ത വിനോദസഞ്ചാര പദ്ധതികളും പ്രോത്സാഹിപ്പിക്കണം. ജില്ലയുടെ തനതായ ഗ്രാമീണ കാർഷിക സംസ്കാരത്തെയും കലാരൂപങ്ങളെയും വിനോദസഞ്ചാരത്തിലൂടെ ലോകത്തിന് ദൃശ്യമാക്കണം. വിദൂര സ്ഥലങ്ങളിലേയ്ക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ബണ്ട് റോഡുകൾ, പാലങ്ങൾ നിർമ്മിക്കണം; സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമുദ്ര-മൽസ്യബന്ധന മേഖലയ്ക്ക് ഉണർവ് നൽകുന്ന ബ്ലൂ ഇക്കോണോമിയുടെ ആസ്ഥാനമായി ആലപ്പുഴ മാറുമെന്ന് ചടങ്ങിൽ അധ്യക്ഷയായ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സംസ്ഥാന സർക്കാർ അവതരിപ്പിച്ച 'സരൾ' ഉൾപ്പടെയുള്ള വ്യവസായ സൗഹൃദ പദ്ധതികൾ താഴെതട്ടിൽ എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. പ്രാദേശിക വിനോദസഞ്ചാര വികസന പദ്ധതികൾ തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആസൂത്രണ ബോർഡ് കൂടുതൽ പിന്തുണയും സാങ്കേതിക സഹായങ്ങളും ലഭ്യമാക്കണം. വികസന പദ്ധതികൾക്കൊപ്പം ജനങ്ങൾക്ക് വരുമാനദായകമായ പദ്ധതികളും നടപ്പാക്കണം. നാടിനനുയോജ്യമായ പദ്ധതികളൊരുക്കാൻ താഴെ തട്ടിൽ നയരൂപീകരണത്തിനായി ആശയ രൂപീകരണ യോഗം സംഘടിപ്പിച്ചതിനു സംസ്ഥാന ആസൂത്രണ ബോർഡ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി സ്‌പീക്കർ അഭിനന്ദിച്ചു.
തദ്ദേശസ്ഥാപനങ്ങൾക്ക് വളർച്ച ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും പ്രവാസികളെയും പ്രാദേശിക സംരംഭകരേയും ഉൾപ്പെടുത്തി തദ്ദേശസ്‌ഥാപന തലത്തിൽ നിക്ഷേപ സംഗമങ്ങൾ നടത്തണമെന്നും ആമുഖ പ്രഭാഷണം നടത്തിയ സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ എം ചന്ദ്രശേഖർ പറഞ്ഞു.
തുടർന്ന് ജില്ലയുടെ വിവിധ വികസന വിഷയങ്ങൾ സംബന്ധിച്ച ചർച്ചയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ സംസാരിച്ചു. കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ പ്രളയാനന്തരം അടിഞ്ഞുകൂടിയ എക്കലും ചെളിയും മാറ്റണം, തോട്ടപ്പള്ളി സ്പിൽവേയുടെ അറ്റകുറ്റപണി സമയബന്ധിതമായി പൂർത്തിയാക്കണം, തണ്ണീർമുക്കത്ത് ഷട്ടറുകൾ അടയ്ക്കാനും തുറക്കാനും ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം, കുടുംബശ്രീ മാതൃകയിൽ യുവ കേരളം മിഷൻ രൂപീകരിക്കണം, ഫിഷറീസ് മേഖലയുടെ വികസനത്തിന് പ്രത്യേക സബ് പ്ലാൻ, മൽസ്യബന്ധന മേഖലയിലുള്ളവർക്ക് നൈപുണ്യ പരിശീലനം, പൊഴികൾ ശുചീകരിച്ച് അവയെ വെള്ളക്കെട്ട് പരിഹരിക്കാനും കാർഷിക സംരക്ഷണത്തിനും പ്രയോജനപ്പെടുത്തണം, ഫാം ടൂറിസം, ഫുഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി, ബീച്ച് ഫെസ്റ്റിവൽ, പ്രാദേശിക ജല മേളകൾ എന്നിവ സംഘടിപ്പിക്കണം, കാലിത്തീറ്റ സബ്സിഡി വർധിപ്പിക്കണം, മൂല്യവർധിത പാൽ ഉത്പന്നങ്ങൾ നിർമിക്കാൻ കർഷകർക്ക് പരിശീലനം നൽകണം, പട്ടികജാതി വിഭാഗത്തിന് ഭവന സുരക്ഷ ഒരുക്കണം, വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനപിന്തുണ, കയർ വ്യവസായം മൂല്യ വർധിത മേഖലയാക്കണം, കയർ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനം സാധ്യമാക്കണം, കുട്ടനാട് കേന്ദ്രീകരിച്ച് റൈസ് പ്രോസസ്സിംഗ് ക്ലസ്റ്റർ രൂപീകരിക്കണം, വനിതാ സംരംഭകർക്ക് ഇൻക്യൂബേഷൻ കേന്ദ്രം, മിനി ഐ ടി പാർക്ക്, എ ഐ അധിഷ്ഠിത ചെറു വ്യവസായങ്ങൾ ആരംഭിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ കളക്ടർ ഷാജി വി നായർ, ആസൂത്രണ ബോർഡ് അംഗങ്ങളായ ജി വിജയരാഘവൻ, പി പി ബാലൻ, വരുൺ സന്തോഷ്, ശ്രീധർ രാധാകൃഷ്‌ണൻ, പെർസ്പെക്റ്റീവ് പ്ലാനിംഗ് ഓഫീസർ എം ഹുസൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം