പരമ്പരാഗത മേഖലയ്ക്കും ആധുനിക വ്യവസായങ്ങൾക്കും ഒരുപോലെ പ്രാധാന്യം മന്ത്രി കെ.എൻ. ബാലഗോപാൽ
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ 2026 27 ജനകീയാസൂത്രണ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാർഷിക വ്യവസായ മേഖലകളിലെ വികസന പദ്ധതികളെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിക്കുന്നു.
കൊട്ടാരക്കര: ആധുനിക വ്യവസായങ്ങൾക്കൊപ്പം പരമ്പരാഗത മേഖലയ്ക്കും കൃഷിക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കരയുടെ വികസന ഭൂപടത്തിൽ നെടുവത്തൂർ ഇന്ന് നിർണായക കേന്ദ്രമായി മാറിയിരിക്കുകയാണ്. സോഹോ ഐടി പാർക്കിന്റെ വരവോടെ പഞ്ചായത്തിലെ പ്രൊഫഷണൽ നികുതി വരുമാനത്തിൽ വലിയ വർധനയുണ്ടായി. പരമ്പരാഗത മേഖലയിലെ തൊഴിൽ സംരക്ഷണത്തിനായി 'ഉന്നതി' പദ്ധതിയിലൂടെ പ്രത്യേക പരിശീലന പരിപാടികൾ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങളും വികസന പദ്ധതികളും:
യുവജന ക്ഷേമം: അംഗീകൃത യുവജന ക്ലബ്ബുകളുടെ പ്രവർത്തനത്തിനായി പ്രതിവർഷം 10,000 രൂപ ധനസഹായം നൽകും.
കൃഷി: വന്യമൃഗശല്യം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണും.
ആരോഗ്യം: കേരളത്തിലെ രണ്ട് ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രികളിൽ ഒന്നായ കൊട്ടാരക്കര ആയുർവേദ ആശുപത്രിയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.
വിപണനം: വെളിയം, മൈലം പഞ്ചായത്തുകളിൽ ആധുനിക മാർക്കറ്റുകൾക്കായി തുക അനുവദിച്ചു. എഴുകോൺ, കലയപുരം എന്നിവിടങ്ങളിൽ മാർക്കറ്റ് നിർമ്മാണം നടക്കുന്നു.
അടിസ്ഥാന സൗകര്യം: 3.75 കോടി രൂപ ചെലവഴിക്കുന്ന പണയിൽ-പാറമുക്ക് റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കും.
നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിദ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2026-27 വർഷത്തെ കരട് പദ്ധതിരേഖ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുത്തു.

