​ക്യാൻസർ ചികിത്സാ ക്ലെയിം വെട്ടിക്കുറച്ചു ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ക്യാൻസർ ചികിത്സയ്ക്കുള്ള ക്ലെയിം അന്യായമായി വെട്ടിക്കുറച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ എറണാകുളം ഉപഭോക്തൃ കോടതിയുടെ വിധി. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

​ക്യാൻസർ ചികിത്സാ ക്ലെയിം വെട്ടിക്കുറച്ചു ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ക്യാൻസർ ചികിത്സാ ക്ലെയിം വെട്ടിക്കുറച്ചു: ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി; ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമയുടെ ക്യാൻസർ ചികിത്സാ ക്ലെയിം അന്യായമായി വെട്ടിക്കുറച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശിയായ രവി വർമ്മ സമർപ്പിച്ച പരാതിയിലാണ് നാഷണൽ ഇൻഷുറൻസ് കമ്പനിക്കെതിരെ കോടതി ഉത്തരവ്.

​2005 മുതൽ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മെഡിക്ലെയിം പോളിസി ഉടമയാണ് പരാതിക്കാരൻ. രോഗബാധിതനായതിനെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ കീമോതെറാപ്പിയും സ്റ്റെം സെൽ മാറ്റിവെക്കൽ ചികിത്സയും നടത്തി. 4,62,350 രൂപയോളം ചെലവായ ചികിത്സയ്ക്ക് ക്ലെയിം സമർപ്പിച്ചെങ്കിലും, ഇൻഷുറൻസ് കമ്പനി സ്റ്റെം സെൽ തെറാപ്പിയെ 'അത്യാധുനിക ചികിത്സ' (Modern Treatment) എന്ന വിഭാഗത്തിൽപ്പെടുത്തി 37,500 രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

​ഐ.ആർ.ഡി.എ.ഐ (IRDAI) മാസ്റ്റർ സർക്കുലർ പ്രകാരം സ്റ്റെം സെൽ തെറാപ്പി അംഗീകൃത ചികിത്സാരീതിയാണെന്നും, ഇതിന്മേൽ അനാവശ്യ സാമ്പത്തിക പരിധികൾ ഏർപ്പെടുത്താൻ കമ്പനികൾക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഇൻഷുറൻസ് വ്യവസ്ഥകളിൽ അവ്യക്തതയുണ്ടെങ്കിൽ അതിന്റെ ആനുകൂല്യം ഉപഭോക്താവിനാണ് ലഭിക്കേണ്ടത്.

​വെട്ടിക്കുറച്ച തുകയായ 1,12,500 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 35,000 രൂപയും ഉൾപ്പെടെ ആകെ ഒന്നര ലക്ഷം രൂപ 45 ദിവസത്തിനകം നൽകാൻ കോടതി ഉത്തരവിട്ടു. കമ്മീഷൻ അധ്യക്ഷൻ ഡി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.