വായനശാലാ വിപ്ലവം തിരിച്ചുപിടിക്കണം വായനാശീലം അനിവാര്യമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണ സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക സംസാരിക്കുന്നു. പുസ്തകാസ്വാദന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനശാലാ വിപ്ലവം തിരിച്ചുപിടിക്കണം; വായനാശീലം ഇന്നത്തെ തലമുറയ്ക്ക് അത്യന്താപേക്ഷിതം: ജില്ലാ കളക്ടർ
എറണാകുളം: കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന് കരുത്ത് പകർന്ന വായനശാലാ പ്രസ്ഥാനങ്ങളെ തിരിച്ചുപിടിക്കേണ്ടത് ഇന്നത്തെ തലമുറയുടെ അനിവാര്യതയാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണ സമാപന സമ്മേളനവും പുസ്തകാസ്വാദന മത്സര സമ്മാനദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മൊബൈൽ സ്ക്രീനുകൾക്ക് പിന്നാലെ പോകുമ്പോൾ നമ്മുടെ വായനാശീലവും വായനശാലകളും വിസ്മൃതിയിലാകുന്നു. മാതൃഭാഷയിലുള്ള അറിവും ആശയവിനിമയ ശേഷിയും ഭാവനാശക്തിയും വളർത്താൻ പുസ്തക വായനയോളം മികച്ച മറ്റൊരു മാർഗ്ഗമില്ല. ശാസ്ത്രീയമായി നോക്കിയാൽ, വായന തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പുസ്തകങ്ങളുടെ ലോകത്തേക്ക് തിരികെ മടങ്ങി വായനാ വിപ്ലവകാലം വീണ്ടെടുക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ് അധ്യക്ഷത വഹിച്ചു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോദ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു.
മത്സര വിജയികൾ:
പുസ്തകാസ്വാദന മത്സരത്തിൽ എറണാകുളം സെന്റ് തെരേസാസ് സി ജി എച്ച് എസ് സ്കൂളിലെ ഡോ. കെ പി രജനി ഒന്നാം സ്ഥാനം നേടി. തൃക്കാക്കര എസ് എൻ യു പി സ്കൂളിലെ സ്മിത ഗോപിനാഥ് രണ്ടാം സ്ഥാനവും, കാക്കനാട് അനലിറ്റിക്കൽ ലാബിലെ എം കെ കേശവൻ നമ്പൂതിരി, മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സാബു തോമസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ അനുപമ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ രമ്യ എ.ടി. നന്ദിയും പറഞ്ഞു.