ലഹരി കെണിയിലാകുന്ന കുട്ടികളെ രക്ഷിക്കാൻ 2 കോടി ആദ്യ ചൈൽഡ് റിഹാബിലിറ്റേഷൻ സെൻ്റർ വരുന്നു

സംസ്ഥാനത്ത് മയക്കുമരുന്നിന് അടിമയാകുന്ന കുട്ടികളുടെ പുനരധിവാസത്തിനായി പ്രത്യേക ചൈൽഡ് റിഹാബിലിറ്റേഷൻ സെൻ്ററുകൾ ആരംഭിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ. തൃക്കാക്കര ഭാരത മാത കോളേജിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരി കെണിയിലാകുന്ന കുട്ടികളെ രക്ഷിക്കാൻ 2 കോടി ആദ്യ ചൈൽഡ് റിഹാബിലിറ്റേഷൻ സെൻ്റർ വരുന്നു
ഭാരത് മാതാ കോളേജിൽ നടന്ന അന്താരാഷ്ട്ര ലഹരി വിമുക്ത ദിനപരിപാടിയുടെ ഉദ്ഘാടനം ഫിഷറീസ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി അബ്ദുൾ ഗഫൂർ നിർവഹിക്കുന്നു.
ലഹരി കെണിയിലാകുന്ന കുട്ടികളെ രക്ഷിക്കാൻ 2 കോടി ആദ്യ ചൈൽഡ് റിഹാബിലിറ്റേഷൻ സെൻ്റർ വരുന്നു

​കൊച്ചി മയക്കുമരുന്ന് ഹബ്ബാക്കാൻ ശ്രമം; കുട്ടികൾക്കായി ആദ്യ പുനരധിവാസ കേന്ദ്രങ്ങൾ വരുന്നു: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ

കൊച്ചി: മയക്കു മരുന്നിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമായി സംസ്ഥാനത്ത് പ്രത്യേക 'ചൈൽഡ് റിഹാബിലിറ്റേഷൻ സെൻ്ററുകൾ' ആരംഭിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ അറിയിച്ചു. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സംരംഭം. ഇതിനായി സർക്കാർ ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പദ്ധതി എത്രയും വേഗം പ്രാവർത്തികമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൃക്കാക്കര ഭാരത മാത കോളേജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ലഹരിക്കെതിരെയുള്ള പോരാട്ടം ഏതെങ്കിലും ഒരു വകുപ്പിൻ്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പുതിയ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ശക്തമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ആഭ്യന്തര, എക്സൈസ്, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യനീതി വകുപ്പുകൾ സംയുക്തമായാണ് ഈ പോരാട്ടം നയിക്കുന്നത്.

​രാജ്യവും സംസ്ഥാനവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മയക്കുമരുന്ന് മാഫിയ മാറിയിരിക്കുകയാണ്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികൾ ഇന്ന് നമ്മുടെ നാട്ടിൽ യാഥാർഥ്യമാണ്. പോലീസും എക്സൈസും ശക്തമായ പ്രതിരോധം തീർക്കുന്നുണ്ടെങ്കിലും, പുതിയ മാർഗ്ഗങ്ങളിലൂടെ മയക്കുമരുന്ന് മാഫിയ കൂടുതൽ കരുത്താർജ്ജിക്കുകയാണ്. പ്രത്യേകിച്ച്, കൊച്ചി പോലുള്ള നഗരങ്ങളെ ലഹരിയുടെ പ്രധാന ഹബ്ബാക്കി മാറ്റാൻ വലിയ ശ്രമങ്ങളാണ് ഈ മാഫിയകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇതിനെ ചെറുക്കാൻ സർക്കാരിനൊപ്പം പൊതുസമൂഹവും കൈകോർക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

​വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് മാഫിയ പ്രധാനമായും പ്രവർത്തിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ലഹരിയുടെ കെണിയിൽ അകപ്പെട്ടുപോയ കുട്ടികളെ കൃത്യമായ പുനരധിവാസത്തിലൂടെ രക്ഷിച്ചെടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ആ ഉത്തരവാദിത്തം സാമൂഹ്യനീതി വകുപ്പ് ഭംഗിയായി നിർവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ഷെറീന ഷുക്കൂർ, അസി. പോലീസ് കമ്മീഷണർ മനോജ് കുമാർ ആർ, ആലുവ നാർക്കോട്ടിക് ഡിവൈഎസ്പി ഉമേഷ് കുമാർ ജെ., ഭാരത മാത കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഫാ. എൽദോസ് ജോയ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി കെ.ജെ. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.