എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

​ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു
എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

​ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു

​തിരുവനന്തപുരം: സി.പി.എമ്മിന്റെ മുതിർന്ന നേതാവും ദേവികുളം മുൻ എംഎൽഎയുമായിരുന്ന എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. 2006 മുതൽ തുടർച്ചയായി മൂന്ന് തവണ (2006, 2011, 2016) ദേവികുളം മണ്ഡലത്തിൽ നിന്നുള്ള സി.പി.എം പ്രതിനിധിയായി അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

​ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗികമായി ബിജെപി പാളയത്തിൽ എത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

​സി.പി.എമ്മിനെതിരെ രൂക്ഷവിമർശനം

പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സി.പി.എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രാജേന്ദ്രൻ ഉന്നയിച്ചത്. ദീർഘകാലം രാഷ്ട്രീയത്തിൽ സജീവമായിരുന്ന തന്നെ കഴിഞ്ഞ നാലഞ്ച് വർഷമായി പാർട്ടിയിൽ നിന്ന് അകറ്റി നിർത്തിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ദേവികുളം എംഎൽഎ എ. രാജയ്‌ക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് പാർട്ടി നടപടി എടുത്തത് തന്നെ മാനസികമായി വലിയ പ്രയാസത്തിലാക്കി.

​"പലതും സഹിച്ചു, എന്നെ ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ പോലും എനിക്കെതിരെ ഒരു ആരോപണവും ആരും ഇതുവരെ ഉയർത്തിയിട്ടില്ല. ഹൈറേഞ്ചിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടാമെന്ന് ബിജെപി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്," - എസ്. രാജേന്ദ്രൻ പറഞ്ഞു.

​താൻ ആരെയും ഒപ്പം വരാൻ ക്ഷണിച്ചിട്ടില്ലെന്നും വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. 'പൂർണ്ണമായി ബിജെപിയിൽ എന്ന് ഇപ്പോൾ പറയില്ല' എന്ന നിഗൂഢമായ പ്രസ്താവനയോടെയാണ് അദ്ദേഹം വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.