ഐശ്വര്യ രജനികാന്ത് ചിത്രം വരുന്നു നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്
കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഒൻപതാമത് ചിത്രം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നു. ജീവ നായകനായ തലൈവർ തമ്പി തലൈമയിലിന് ശേഷം കണ്ണൻ രവി ഒരുക്കുന്ന ബിഗ് പ്രോജക്റ്റ് ആണിത്.
ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധായക തൊപ്പിയിലേക്ക്; കണ്ണൻ രവി പ്രൊഡക്ഷൻസുമായി കൈകോർക്കുന്നു
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകളുമായി കണ്ണൻ രവി പ്രൊഡക്ഷൻസ്. പ്രമുഖ നിർമ്മാണ കമ്പനിയായ കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഒൻപതാമത് ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ രജനികാന്ത് ആണ്. 'തലൈവർ തമ്പി തലൈമയിൽ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണൻ രവി നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ദീപക് രവിയാണ് സഹനിർമ്മാതാവ്.
ഐശ്വര്യ രജനികാന്തിന്റെ കരിയറിലെ അഞ്ചാമത്തെ സംവിധാന സംരംഭമാണിത്. ധനുഷ് നായകനായ '3' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ഐശ്വര്യ, 'വെയ് രാജ വെയ്', 'സിനിമാ വീരൻ' (ഡോക്യുമെന്ററി), രജനികാന്ത് അതിഥി വേഷത്തിലെത്തിയ 'ലാൽ സലാം' എന്നീ ചിത്രങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
ജീവ നായകനായെത്തിയ 'തലൈവർ തമ്പി തലൈമയിൽ', വിക്രം പ്രഭുവിന്റെ 'രാവണകൂട്ടം' എന്നീ ചിത്രങ്ങളിലൂടെ സിനിമാ നിർമ്മാണ രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് കണ്ണൻ രവി ഗ്രൂപ്പ്. നിലവിൽ ബാംഗ് ബാംഗ്, ജീവ 46, ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം തുടങ്ങി വൻനിര പ്രോജക്റ്റുകളാണ് കമ്പനിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഐശ്വര്യ രജനികാന്ത് ചിത്രത്തിന്റെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

