പതിനാലുകാരിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച പൂജാരി കുറ്റക്കാരൻ വിധി ശനിയാഴ്ച
തിരുവനന്തപുരം കണ്ണമ്മൂലയിൽ ബാധയൊഴിപ്പിക്കാനെന്ന പേരിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച പൂജാരി ബിനീഷ് കുറ്റക്കാരനാണെന്ന് പോക്സോ കോടതി. ശിക്ഷാവിധി ശനിയാഴ്ച.
പതിനാലുകാരിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച പൂജാരി കുറ്റക്കാരൻ; വിധി ശനിയാഴ്ച
തിരുവനന്തപുരം: ബാധയൊഴിപ്പിക്കാനെന്ന വ്യാജേന ഒൻപതാം ക്ലാസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പൂജാരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ചെല്ലമംഗലം സ്വദേശി ബിനീഷിനെയാണ് (45) തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്‌ജി എം.പി. ഷിബു കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കേസിൽ ശിക്ഷാവിധി ഫെബ്രുവരി 28 ശനിയാഴ്ച പ്രസ്താവിക്കും.
ക്രൂരമായ പീഡനം പൂജാമുറിയിൽ
2019-ലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പരീക്ഷാ പേടി മാറ്റാനായി മാതാവിനൊപ്പം ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ, ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ബിനീഷ് പൂജാമുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലായി പീഡനം തുടർന്നു. പ്രതി പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവകളും, നാണയത്തുട്ടുകളും, ഇരുമ്പാണികളും കയറ്റി അതിക്രൂരമായ കൃത്യങ്ങൾ ചെയ്തതായും പ്രോസിക്യൂഷൻ കണ്ടെത്തി.
രഹസ്യം പുറത്തായത് മെന്റൽ എയ്‌ഡ് ക്യാമ്പിൽ
പൂജയ്ക്ക് ശേഷവും പരീക്ഷാ പേടി മാറാത്തതിനെ തുടർന്ന് കുട്ടിയെ ഒരു മെന്റൽ എയ്‌ഡ് ക്യാമ്പിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ഡോക്ടറോട് കുട്ടി നടത്തിയ വെളിപ്പെടുത്തലാണ് ക്രൂരത പുറത്തുകൊണ്ടുവന്നത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ മുറിയിൽ നിന്ന് 51 വ്യത്യസ്ത മരപ്പാവകൾ കണ്ടെടുത്തു. കോടതിയിൽ വിസ്താരത്തിനിടെ തന്നെ ഉപദ്രവിക്കാൻ ഉപയോഗിച്ച മരപ്പാവ പെൺകുട്ടി തിരിച്ചറിഞ്ഞത് കേസിൽ നിർണ്ണായകമായി.
മെഡിക്കൽ കോളജ് ഇൻസ്പെക്ടർമാരായിരുന്ന കെ.എസ്. അരുൺ, പി. ഹരിലാൽ എന്നിവർ അന്വേഷിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഡ്വ. ബിന്ദു വി.സി. എന്നിവർ ഹാജരായി. പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്

