സംശയം തോന്നിയാൽ കൗണ്ടറിൽ വെച്ച് തൂക്കും 23 വയസ്സ് തികയാത്തവർക്ക് മദ്യം നൽകില്ല, നോ ഐഡി നോ എൻട്രി വരുന്നു
കേരളത്തിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി പരിശോധന കർശനമാക്കാൻ എക്സൈസ് വകുപ്പ് തീരുമാനം. കർണാടക മോഡലിൽ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കും.
സംസ്ഥാനത്ത് മദ്യവിൽപ്പനയ്ക്ക് കർശന പ്രായപരിധി നിയന്ത്രണം; കർണാടക മോഡലിൽ 'നോ ഐഡി നോ എൻട്രി' വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കർണാടക മോഡലിൽ അതീവ കർശനമാക്കാൻ എക്സൈസ് വകുപ്പ് ഒരുങ്ങുന്നു. 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകൾക്ക് പിന്നാലെയാണ് നിയമം കൂടുതൽ ശക്തമാക്കാൻ എക്സൈസ് കമ്മീഷണർ കർശന നിർദേശം നൽകിയത്. നിലവിലെ നിയമപ്രകാരം കേരളത്തിൽ 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല. എന്നാൽ ഈ ചട്ടം പലപ്പോഴും ലംഘിക്കപ്പെടുന്നതായും കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബെവ്കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങുന്നതായും വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
ഇനിമുതൽ ബെവ്കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായത്തിൽ നേരിയ സംശയം തോന്നിയാൽ പോലും നിർബന്ധമായും തിരിച്ചറിയൽ രേഖ (ID Card) ആവശ്യപ്പെടും. പ്രായം കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ മദ്യം നൽകാവൂ എന്ന് ഔട്ട്‌ലെറ്റ് ജീവനക്കാർക്കും ബാർ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. കർണാടകയിൽ നിലവിലുള്ള 'നോ ഐഡി നോ എൻട്രി' (No ID, No Entry) എന്ന മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പിലാക്കാൻ ആലോചിക്കുന്നത്.
കേരളത്തിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി മുൻപ് പതിനെട്ട് വയസ്സായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഇത് 21 വയസ്സായി ഉയർത്തിയത്. പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് നിയമം വീണ്ടും ഭേദഗതി ചെയ്ത് പ്രായപരിധി 23 വയസ്സാക്കി വർദ്ധിപ്പിക്കുകയായിരുന്നു. എന്നാൽ ഈ ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതിൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തും അതിനുശേഷവും വീഴ്ചകൾ സംഭവിച്ചതായാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങാൻ അധികൃതർ തീരുമാനിച്ചത്.
അടുത്തിടെ കർണാടകയിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് പ്രകാരം കോളേജ് തലത്തിലുള്ള വിദ്യാർഥികളിൽ മദ്യാസക്തി മൂലമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് അവിടെ പ്രായപരിധി പരിശോധന കർശനമാക്കാൻ ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ നിർദ്ദേശം നൽകിയിരുന്നു. ഇതേ മാതൃക പിന്തുടർന്ന് കേരളത്തിലും കടുത്ത നിയന്ത്രണങ്ങളിലൂടെ യുവതലമുറയിലെ മദ്യഉപയോഗം തടയാനാണ് എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്.