നാഥനില്ലാതെ കെപിസിസിയും ഡിസിസികളും; അഴിച്ചുപണി വൈകുന്നതിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയിലും കെപിസിസി, ഡിസിസി പുനഃസംഘടനകൾ വൈകുന്നതിലും കോൺഗ്രസിനുള്ളിൽ പരസ്യ അതൃപ്തി. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനങ്ങളിലും പരാതി ശക്തം.
ഭരണ-സംഘടനാ ഏകോപനമില്ലായ്മ: കോൺഗ്രസിൽ അതൃപ്തി പുകയുന്നു; കെപിസിസി പുനഃസംഘടന ചർച്ചകൾ വഴിമുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിൽ ഗുരുതരമായ പാളിച്ചകൾ ഉണ്ടാകുന്നതായി പാർട്ടിക്കുള്ളിൽ തന്നെ പരാതി ശക്തമാകുന്നു. ഭരണത്തിലെ ചില നടപടികൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ചോദ്യങ്ങൾ ഉയർന്നതോടെ, സർക്കാരും സംഘടനയും തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പുവരുത്താൻ സമിതി രൂപീകരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കഴിഞ്ഞ കെപിസിസി യോഗം ഇതിനായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഇതിന്റെ ഘടന സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പോലും ആരംഭിച്ചിട്ടില്ല. പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കുന്ന കാര്യവും തുടക്കമിട്ടേടത്തുതന്നെ നിൽക്കുകയാണ്.
അനാഥമായി കെപിസിസി ആസ്ഥാനം
നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയായതോടെ പാർട്ടി ഓഫീസ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യമാണ്. മന്ത്രിത്തിരക്കുകൾക്കിടയിൽ ചില ദിവസങ്ങളിൽ മാത്രമാണ് അദ്ദേഹം ഇന്ദിരാ ഭവനിൽ വന്നുപോകുന്നത്. സർക്കാരിലെ വിവിധ പദവികൾ ആഗ്രഹിക്കുന്നവരുടെ തിരക്കാണ് ഇപ്പോൾ പാർട്ടി ഓഫീസിൽ. എന്നാൽ ഇവരോട് ഡിസിസികളിൽ പോയി കത്ത് വാങ്ങാൻ നിർദേശിച്ചു മടക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി അപേക്ഷകളും ബയോഡേറ്റകളും കെപിസിസി ഓഫീസിൽ കെട്ടിക്കിടക്കുന്നുണ്ട്.
പഴ്സനൽ സ്റ്റാഫ്, അഭിഭാഷക നിയമനങ്ങളിൽ അതൃപ്തി
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനങ്ങളിൽ പാർട്ടിക്ക് യാതൊരുവിധ നിയന്ത്രണവുമില്ലായിരുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഇതിനായുള്ള ഒരു മാർഗരേഖ പേരിനുപോലും തയാറാക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. മറ്റ് രാഷ്ട്രീയ പശ്ചാത്തലമുള്ളവർ പഴ്സനൽ സ്റ്റാഫിൽ കയറിക്കൂടുന്നെന്ന പരാതിക്ക് പുറമേ, സർക്കാർ അഭിഭാഷക നിയമനത്തിലടക്കം സമാനമായ പരാതികൾ ഉയരുന്നുണ്ട്.
വഴിമുട്ടി പുനഃസംഘടന ചർച്ചകൾ
മന്ത്രിയായപ്പോൾത്തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. പിൻഗാമിയാകാൻ ഒരു ഡസനോളം പേർ രംഗത്തുണ്ടെങ്കിലും എഐസിസി ഇടപെടലുകൾ വൈകുകയാണ്. വിദേശത്തുള്ള രാഹുൽ ഗാന്ധി ജൂലൈ 10ന് മടങ്ങി വന്ന ശേഷമേ ഇനി ചർച്ചകൾ പുനരാരംഭിക്കൂ എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് വരെ കേരളത്തിൽ ക്യാമ്പ് ചെയ്തിരുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയോ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലോ നിലവിൽ പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നാഥനില്ലാതെ ഡിസിസികൾ; ഇരട്ടപ്പദവിയിൽ പ്രതിസന്ധി
7 ഡിസിസി പ്രസിഡന്റുമാർ എംഎൽഎമാരായതോടെ പകുതിയോളം ജില്ലകളിൽ പാർട്ടി നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പുതിയ മുഖ്യമന്ത്രിക്ക് ഇതുവരെ പാർട്ടിയുടെ വക സ്വീകരണം പോലും നൽകാൻ സാധിച്ചിട്ടില്ല. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പി.സി.വിഷ്ണുനാഥും മന്ത്രിമാരായതോടെ സംഘടനാ ചുമതലകളിൽ നിന്ന് പൂർണമായും അകന്നു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ മന്ത്രി ഒ.ജെ.ജനീഷിന് സ്വന്തം സർക്കാരിന്റെ പിഎസ്‌സി നിലപാടുകൾക്കെതിരെ പരസ്യമായി പ്രസ്താവനയിറക്കേണ്ടി വന്നത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാർട്ടിയിലും പോഷക സംഘടനകളിലും അടിയന്തരമായ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം.
ബോർഡ്–കോർപറേഷൻ പദവികൾക്ക് കർശന മാനദണ്ഡം
അതേസമയം, വരാനിരിക്കുന്ന ബോർഡ്–കോർപറേഷൻ പുനഃസംഘടനയ്ക്ക് കർശനമായ മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. പാർട്ടി ഭാരവാഹിത്വവും ഇത്തരം പദവികളും ഒരുമിച്ച് അനുവദിക്കരുതെന്നാണ് പൊതുവികാരം. അർഹതയുണ്ടായിട്ടും മത്സരരംഗത്തുനിന്നു മാറിനിൽക്കേണ്ടി വന്നവർക്കും, പുതിയ ഡിസിസി പ്രസിഡന്റുമാർ വരുമ്പോൾ സ്ഥാനമൊഴിയുന്നവർക്കും മുൻഗണന നൽകാനാണ് ആലോചന. മുൻ എംപിമാർ, മുൻ എംഎൽഎമാർ, നേരത്തേ ചെയർമാൻ പദവി വഹിച്ചിട്ടുള്ളവർ, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ എന്നിവരെ ഇത്തരം പദവികളിൽ നിന്ന് മാറ്റിനിർത്തണമെന്ന വാദവും ശക്തമാണ്.