അനധികൃത മത്സ്യബന്ധനം മൺസൂൺ കാലത്ത് കർശന നടപടിയുമായി ഫിഷറീസ് വകുപ്പ് ഊത്തപിടിത്തത്തിന് തടവും പിഴയും
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് പ്രകാരം മൺസൂൺ കാലത്തെ അനധികൃത മത്സ്യബന്ധനത്തിനും ഊത്തപിടിത്തത്തിനുമെതിരെ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. നിയമലംഘകർക്ക് തടവും പിഴയും ശിക്ഷ.
അനധികൃത മത്സ്യബന്ധനം: മൺസൂൺ കാലത്ത് കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്; ഊത്തപിടിത്തത്തിന് ആറുമാസം തടവും പിഴയും
ആലപ്പുഴ: സംസ്ഥാനത്ത് ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനുമായി മൺസൂൺ കാലയളവിൽ അനധികൃത മത്സ്യബന്ധന രീതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ നടത്തുന്ന 'ഊത്തകയറ്റം' തടസ്സപ്പെടുത്തി പ്രാദേശികമായി നടത്തുന്ന 'ഊത്തപിടുത്തം' സർക്കാർ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് 2010 പ്രകാരം പ്രത്യുല്പാദനക്ഷമതയുള്ള മത്സ്യങ്ങളെ പൊതുജലാശയങ്ങളിൽ നിന്ന് വലയോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് പിടിക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. സ്വാഭാവിക ജലാശയങ്ങളുടെ പാരിസ്ഥിതികാവസ്ഥയെ തടസ്സപ്പെടുത്തുന്ന രീതിയിൽ സ്ഫോടകവസ്തുക്കൾ, നഞ്ച് (വിഷം), വൈദ്യുതി എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
പൊതുജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കിനും മത്സ്യങ്ങളുടെ സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിർമിതികൾ, കൂടുകൾ എന്നിവ സ്ഥാപിക്കാനോ ഖര-ദ്രവ രൂപത്തിലുള്ള മലിനവസ്തുക്കൾ, രാസവസ്തുക്കൾ, കീടനാശിനികൾ, പ്ലാസ്റ്റിക് എന്നിവ നിക്ഷേപിക്കാനോ പാടുള്ളതല്ല.
കൂടാതെ, രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയുള്ള മത്സ്യബന്ധനം, 20 മില്ലീമീറ്ററിൽ (20 mm) കുറവുള്ള കണ്ണിവലിപ്പമുള്ള വലകളുടെ ഉപയോഗം, മത്സ്യസങ്കേതങ്ങളിൽ അനുമതിയില്ലാതെ കടന്നു കയറി മത്സ്യബന്ധനം നടത്തുന്നത്, മല്ലിക്കക്ക ശേഖരണം എന്നിവയും ഈ ആക്ട് പ്രകാരം കടുത്ത നിയമലംഘനങ്ങളാണ്. ഇത്തരം നിയമവിരുദ്ധമായ മത്സ്യബന്ധന രീതികൾ കണ്ടെത്തുകയോ ഇവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയോ ചെയ്താൽ ആറ് മാസം വരെ തടവും 15,000 രൂപ പിഴയും ഈടാക്കുന്നതാണ്.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉൾനാടൻ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച പരാതികൾ 0477-2251103 എന്ന ഫോൺ നമ്പറിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ അതത് മത്സ്യഭവൻ ഓഫീസുകളിലോ അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.