25,000 പേർക്ക് ഭൂമി തരം മാറ്റി നൽകുമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ കണ്ണൂരിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 25,000 പേർക്കെങ്കിലും ഭൂമി തരംമാറ്റി നൽകുമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ. കണ്ണൂർ ജില്ലയിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും.

25,000 പേർക്ക് ഭൂമി തരം മാറ്റി നൽകുമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ കണ്ണൂരിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും
റവന്യു വകുപ്പിന്റെ കണ്ണൂർ ജില്ലാതല അവലോകന യോഗത്തിൽ റവന്യു മന്ത്രി എ.പി അനിൽകുമാർ സംസാരിക്കുന്നു
25,000 പേർക്ക് ഭൂമി തരം മാറ്റി നൽകുമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ കണ്ണൂരിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും
25,000 പേർക്ക് ഭൂമി തരം മാറ്റി നൽകുമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ കണ്ണൂരിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും
25,000 പേർക്ക് ഭൂമി തരം മാറ്റി നൽകുമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ കണ്ണൂരിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും

നൂറുദിന കർമപദ്ധതിയിൽ 25,000 പേർക്കെങ്കിലും ഭൂമി തരം മാറ്റി നൽകണം: റവന്യു മന്ത്രി എ.പി അനിൽകുമാർ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ജൂലൈ ഒന്നിന് ആരംഭിച്ച നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ചുരുങ്ങിയത് 25,000 പേരുടെയെങ്കിലും ഭൂമി തരംമാറ്റി നൽകാൻ സാധിക്കണമെന്ന് സംസ്ഥാന റവന്യു മന്ത്രി എ.പി അനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യു വകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

​"ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് രണ്ടരലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തൊട്ടാകെ നിലവിലുള്ളത്. ഇതിൽ കുറഞ്ഞത് കാൽ ലക്ഷം പേർക്കെങ്കിലും അടിയന്തരമായി ഭൂമി തരം മാറ്റി നൽകാൻ കഴിയണം. 25 സെന്റിൽ താഴെയുള്ള ഭൂമിയുടമകളുടെ കാര്യങ്ങൾ തികച്ചും അനുഭാവപൂർവ്വം പരിഗണിച്ച് അവർക്ക് മുൻഗണന നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകണം," മന്ത്രി ഓർമ്മിപ്പിച്ചു.

​സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ആകെ 540 ഓളം പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഏഴെണ്ണം റവന്യൂ വകുപ്പിന്റേതാണ്. ഭൂമി തരം മാറ്റം, പട്ടയ വിതരണം, ന്യായവില നിശ്ചയിച്ചപ്പോൾ ഭൂമിയുടെ വിലയിലുണ്ടായ വ്യത്യാസം ഏകീകരിക്കൽ, ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട പരാതികളുടെ പരിഹാരം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണെന്ന് മന്ത്രി വ്യക്തമാക്കി.

​പട്ടയ വിതരണത്തിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളി മേഖലകളിൽ നിന്നുള്ളവർക്കും പ്രത്യേക മുൻഗണന നൽകണം. ഭൂമിക്ക് ന്യായവില നിശ്ചയിച്ചപ്പോൾ ചില സ്ഥലങ്ങളിൽ വിപണി വിലയേക്കാൾ തീരെ കുറയുകയും, മറ്റ് ചിലയിടങ്ങളിൽ കുത്തനെ കൂടുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ അപാകതകൾ പരിഹരിച്ച് വില ഏകീകരിക്കുന്നതിനായുള്ള വ്യക്തമായ മാർഗരേഖ നൂറു ദിവസത്തിനുള്ളിൽ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

​ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഭിച്ച ഒരു ലക്ഷത്തോളം പരാതികളിൽ 48,000 എണ്ണം ഇതിനകം തന്നെ പരിഹരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഈ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി തീർപ്പാക്കും. അപേക്ഷകൾ വെറുതെ നിരസിക്കുകയല്ല വേണ്ടതെന്നും, പരമാവധി ജനങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുക എന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​കണ്ണൂരിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും

നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ മാത്രം 2234 പട്ടയങ്ങൾ വിതരണം ചെയ്യാൻ ഒരുങ്ങിയതായി ഔദ്യോഗിക അവലോകനത്തിൽ വ്യക്തമാക്കി. ഇതിൽ 1710 എണ്ണം ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളാണ്. മിച്ചഭൂമി പട്ടയങ്ങൾ-315, ദേവസ്വം ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ-150, ലാൻഡ് അസൈൻമെൻറ് പട്ടയങ്ങൾ-59 എന്നിവയാണ് മറ്റുള്ളവ. ജില്ലയിൽ 2022 മുതൽ ഇതുവരെ 20,054 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് താലൂക്കിൽ മിച്ചഭൂമി പട്ടയത്തിൽ ഉൾപ്പെട്ട 40 കേസുകൾ ബന്ധപ്പെട്ട കക്ഷികളെ നേരിട്ട് വിളിച്ചു സംസാരിച്ച് ഉടൻ തീർപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

​കയ്യേറ്റം ഒഴിപ്പിക്കലും ഡിജിറ്റൽ സർവേയും

ജില്ലയിൽ 1.0278 ഹെക്ടർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞു. 104 കേസുകളിലായി ഇനി 4.8814 ഹെക്ടർ ഭൂമി കൂടി ഒഴിപ്പിക്കാനുണ്ട്. പേരാവൂർ താലൂക്ക് ആശുപത്രി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചവയിൽ ഉൾപ്പെടുന്നു. ജില്ലയിൽ 24 വില്ലേജുകളിൽ റീസർവ്വേ പൂർത്തിയായിട്ടുണ്ട്. വില്ലേജ് അടിസ്ഥാനത്തിൽ ജില്ലയിലെ 30 ശതമാനം (1,54,783 ഹെക്ടർ) ഡിജിറ്റൽ സർവേയും പൂർത്തിയായി.

​വികസന-ക്ഷേമ പദ്ധതികൾ

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 81 പദ്ധതികളാണ് ജില്ലയിൽ നിലവിൽ പുരോഗമിക്കുന്നത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2021 മുതൽ 2005 വരെയുള്ള കാലയളവിലെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് 3657 കേസുകളിൽ ധനസഹായം അനുവദിച്ചു. ഭൂമി തരം മാറ്റത്തിനായി 2008 മുതൽ ജില്ലയിൽ ലഭിച്ച 40,484 അപേക്ഷകളിൽ 28,786 എണ്ണവും തീർപ്പാക്കിയിട്ടുണ്ട്. വരൾച്ച കടുത്ത രീതിയിൽ ബാധിക്കാതിരിക്കാൻ കണ്ണൂർ ജില്ലയ്ക്കായി പ്രത്യേക മാസ്റ്റർ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

​ആറളം പുനരധിവാസം അതിവേഗം

ആറളം പുനരധിവാസ മേഖലയിൽ അനുവദിച്ച 2381 വീടുകളിൽ 1888 വീടുകളുടെ നിർമ്മാണം പൂർത്തിയായി. ഈ വീടുകളിലെല്ലാം വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ 53.23 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആന പ്രതിരോധ മതിൽ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇതിൽ 3.6 കിലോമീറ്റർ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.

​ജില്ലാ കളക്ടറേറ്റ് ഹാളിൽ നടന്ന യോഗത്തിൽ റവന്യു സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബു, ലാൻഡ് റവന്യു കമ്മിഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, പി.കെ. ജയശ്രീ എന്നിവർ സംസാരിച്ചു. എഡിഎം പി.എൻ. പുരുഷോത്തമൻ, ഡെപ്യൂട്ടി കളക്ടർമാർ, റവന്യു വകുപ്പിലെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിന് ശേഷം ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി റവന്യു മന്ത്രി ഓൺലൈൻ വഴി പ്രത്യേക ചർച്ചയും നടത്തി ആവശ്യങ്ങൾ വിലയിരുത്തി.