ഞാൻ രേവതി ഫെസ്റ്റിവൽ വേദികളിൽ ഒരു വർഷം പിന്നിടുന്നു അനുഭവം പങ്കുവെച്ച് സംവിധായകൻ പി. അഭിജിത്ത്
പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രേവതിയുടെ ജീവിതം പറയുന്ന ഞാൻ രേവതി എന്ന ഡോക്യുമെന്ററി ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടുന്നു. സിനിമയുടെ ഒരു വർഷത്തെ വിജയയാത്രയെക്കുറിച്ച് സംവിധായകൻ പി. അഭിജിത്ത് സംസാരിക്കുന്നു.
ഫെസ്റ്റിവൽ നിറവിൽ 'ഞാൻ രേവതി'; അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്
കൊച്ചി: പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ രേവതിയുടെ (Revathi Arumugam) ജീവിതം ദൃശ്യവൽക്കരിച്ച 'ഞാൻ രേവതി' എന്ന ഡോക്യുമെന്ററി ഫെസ്റ്റിവൽ വേദികളിൽ വിജയകരമായി ഒരു വർഷം പിന്നിടുന്നു. ചിത്രത്തിന്റെ ഒരു വർഷത്തെ പ്രയാണത്തെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് സംവിധായകൻ പി. അഭിജിത്ത്.
20 വർഷങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ വെച്ചാണ് രേവതിയെ പരിചയപ്പെടുന്നതെന്നും അന്നുതൊട്ട് അവരെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നുവെന്നും അഭിജിത്ത് പറയുന്നു. 2021-ൽ തന്റെ 'അന്തരം' എന്ന സിനിമയിൽ ഒരു ഗസ്റ്റ് റോൾ ചെയ്യാൻ ക്ഷണിച്ചപ്പോഴാണ് രേവതിയോട് ഈ ദൃശ്യാവിഷ്കാരത്തെക്കുറിച്ച് സംസാരിക്കുന്നത്. തുടർന്ന് മൂന്ന് വർഷം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് 'ഞാൻ രേവതി' പ്രേക്ഷകരിലേക്ക് എത്തിയത്.
കോഴിക്കോട് നടന്ന ഐ.ഇ.എഫ്.എഫ്.കെ (IEFFK)-യിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. കാനഡയിലെ വൻകൂവർ അന്താരാഷ്ട്ര ചലച്ചിത്രമേള, ശ്രീലങ്കയിലെ ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രമേള, തിരുവനന്തപുരം അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള (IDSFFK), മുംബൈയിലെ കാശിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ, ഡൽഹി റിഥം ക്വീർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി രാജ്യാന്തര വേദികളിൽ ചിത്രം ഇതിനകം പ്രദർശിപ്പിച്ചു കഴിഞ്ഞു.
ഷിംല, പാഞ്ചജന്യം ചലച്ചിത്രമേളകളിൽ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ട 'ഞാൻ രേവതി'ക്ക്, ഐ.ഇ.എഫ്.എഫ്.കെ-യിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള ഓഡിയൻസ് പോൾ അവാർഡും ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ ജൂറി പരാമർശവും ലഭിച്ചിട്ടുണ്ട്.
ട്രാൻസ്ജെൻഡർ ബിൽ ഭേദഗതി നിയമത്തിനെതിരെ പോരാട്ടങ്ങൾ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ 'ഞാൻ രേവതി'ക്ക് വലിയ പ്രസക്തിയുണ്ടെന്ന് സംവിധായകൻ ചൂണ്ടിക്കാണിക്കുന്നു. ചിത്രം ഫിലിം സൊസൈറ്റികൾ വഴി പ്രാദേശിക തലത്തിലും കോളേജുകളിലും പ്രദർശിപ്പിക്കാനും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ക്രൂ അംഗങ്ങൾക്കും, ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കും, പിന്തുണ നൽകിയ ആർട്ട് ബുക്ക് സിനിമയ്ക്കും അഭിജിത്ത് നന്ദി രേഖപ്പെടുത്തി.

