അങ്കമ്മാൾ
പെരുമാൾ മുരുകന്റെ അങ്കമ്മാൾ ഒടിടിയിൽ ആമസോൺ പ്രൈമിലും സൺ നെക്സ്റ്റിലും സ്ട്രീമിംഗ് തുടങ്ങി
പെരുമാൾ മുരുകന്റെ 'അങ്കമ്മാൾ' ഒടിടിയിൽ; ആമസോൺ പ്രൈമിലും സൺ നെക്സ്റ്റിലും സ്ട്രീമിംഗ് തുടങ്ങി
കൊച്ചി: പ്രമുഖ തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ 'കൊടിത്തുണി' എന്ന ചെറുകഥയെ ആസ്പദമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത 'അങ്കമ്മാൾ' ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈം വീഡിയോ, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
പെരുമാൾ മുരുകന്റെ ഒരു കൃതി ആദ്യമായി ചലച്ചിത്രമാകുന്നു എന്ന പ്രത്യേകതയോടെ എത്തിയ ഈ ചിത്രം തമിഴ്‌നാട്ടിലെ തിയേറ്റർ റിലീസിന് ശേഷം കേരളത്തിൽ ഭാവനാ സ്റ്റുഡിയോസ് ആണ് വിതരണത്തിനെടുത്തത്. ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായും, മെൽബൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച നടി എന്നീ പുരസ്കാരങ്ങളും അങ്കമ്മാൾ സ്വന്തമാക്കിയിരുന്നു. 2025-ലെ മികച്ച ഇന്ത്യൻ സിനിമകളുടെ പട്ടികയിലും ഈ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.
കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസ്, എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നിവയുടെ ബാനറിൽ കാർത്തികേയൻ സന്താനം, ഫിറോസ് റഹിം, അൻജോയ് സാമുവൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അൻജോയ് സാമുവൽ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗീത കൈലാസം, ശരൺ, ഭരണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മുഹമ്മദ് മഖ്ബൂൽ മൻസൂർ ആണ് സംഗീതം. ദേശീയ-സംസ്ഥാന പുരസ്കാര ജേതാക്കളായ ടി. കൃഷ്ണനുണ്ണി (സൗണ്ട് മിക്സിങ്), ധന്യ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം) എന്നിവരും അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.

