മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി
കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രമുഖ വ്യവസായികളുമായും നിക്ഷേപകരുമായും ചർച്ച നടത്തി. ചേലേമ്പ്രയിൽ നടന്ന കൂടിക്കാഴ്ചയിൽ ടൂറിസം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ചർച്ചയായി.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യവസായികളുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി
മലപ്പുറം: കേരള സന്ദർശനത്തിന്റെ ഭാഗമായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം രാജ്യത്തെ പ്രമുഖ വ്യവസായികളുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി. കേരളവും മലേഷ്യയും തമ്മിലുള്ള സാമ്പത്തിക, വ്യവസായ, നിക്ഷേപ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, എം.കെ. രാഘവൻ എം.പി. എന്നിവരുടെയും സാന്നിധ്യത്തിൽ ചേലേമ്പ്ര തുല വെൽനെസ്സ് സെൻ്ററിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തിന്റെ വ്യവസായ-വാണിജ്യ മേഖലയിൽ മലേഷ്യൻ നിക്ഷേപത്തിന് വലിയ സാധ്യതകളുണ്ടെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. കേരളത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായികളും മലേഷ്യയിൽ നിന്നുള്ള നിക്ഷേപകരും ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകൾ, പുതിയ സംരംഭങ്ങൾ, വ്യവസായ വികസനം, അടിസ്ഥാന സൗകര്യങ്ങൾ, വ്യാപാര ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
കേരളത്തിന്റെ മനുഷ്യവിഭവശേഷിയും സംരംഭകത്വ മികവും മലേഷ്യൻ നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താനാകുമെന്ന വിലയിരുത്തലും ഉയർന്നു. പ്രത്യേകിച്ച് ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഭക്ഷ്യസംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.