25,000 രൂപയ്ക്ക് നവജാതശിശുക്കളെ വാങ്ങി ലക്ഷങ്ങൾക്ക്മറിച്ചുവിൽക്കുന്ന റാക്കറ്റ്

ആലപ്പുഴ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വാങ്ങി മറിച്ചുവിൽക്കുന്ന സംഘത്തിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് അടക്കമുള്ളവരോട് കമ്മിഷൻ റിപ്പോർട്ട് തേടി.

25,000 രൂപയ്ക്ക് നവജാതശിശുക്കളെ വാങ്ങി ലക്ഷങ്ങൾക്ക്മറിച്ചുവിൽക്കുന്ന റാക്കറ്റ്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ആലപ്പുഴ മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ വാങ്ങാൻ തട്ടിപ്പ് സംഘം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

​ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വാങ്ങുന്നതിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ചെയർപേഴ്‌സൺ, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം ടി.സി. ജലജമോളാണ് വിഷയം പരിഗണിച്ച് കേസെടുത്തത്.

​അവിവാഹിതരായ അമ്മമാരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നതെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ വിൽക്കാനുണ്ടോ എന്ന് തിരക്കി സംഘം തങ്ങളെ സമീപിച്ചിരുന്നതായും ശിശുക്ഷേമ സമിതി ഭാരവാഹികൾ വ്യക്തമാക്കി.

​25,000 രൂപയോ അതിനു മുകളിലോ നൽകി നവജാത ശിശുക്കളെ കൈക്കലാക്കുന്ന സംഘം, പിന്നീട് ഇവരെ ലക്ഷങ്ങൾ ഈടാക്കി മറ്റു പലർക്കും മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. ആശുപത്രി കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ കടത്തുന്ന വലിയൊരു റാക്കറ്റ് തന്നെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിലാണ് അധികൃതർ. വിഷയത്തിൽ പൊലീസും ബാലാവകാശ കമ്മിഷനും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.