ബെംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് ക്രൂരമർദ്ദനം, നഗ്നചിത്രമെടുത്ത് ഭീഷണി പ്രധാന പ്രതികളിലൊരാൾ വലയിലായി
ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒളിവിലായിരുന്ന ഒരാളെക്കൂടി കോഴിക്കോട് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു തട്ടിക്കൊണ്ടുപോകൽ കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് വെള്ളിമാടുകുന്ന് സ്വദേശി
കോഴിക്കോട്: ബെംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്ന് മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ 'കുട്ടൻ' എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിൽ (33) ആണ് അറസ്റ്റിലായത്.
ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നും തട്ടിക്കൊണ്ടുവന്ന യുവാവിനെ ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറ്റുമുറിയിലുള്ള വാടകവീട്ടിൽ എത്തിച്ച് പ്രതികൾ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ നഗ്ന ഫോട്ടോയെടുത്ത് രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കുകയും 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേവായൂർ പൊലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്ഐ കെ.വി. റഷീദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.ഡി. മനോജ്, ഗോകുൽ പ്രകാശ്, ടി. രാഗേഷ്, പ്രേമൻ എന്നിവരും ചേവായൂർ പൊലീസ് എസ്എച്ച്ഒ ടി.പി. ദിനേശ്, എഎസ്ഐ രഗീഷ്, നജീബ്, സിവിൽ പൊലീസ് ഓഫിസർമാരായ വിജിനേഷ്, വന്ദന എന്നിവരും ചേർന്നാണ് ഇയാളെ പിടികൂടിയത്.
പിടിയിലായ അഖിൽ മുൻപും ഒരു വധശ്രമ കേസിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേസിൽ നേരത്തെ പറമ്പിൽ ബസാർ നമ്പ്യാത്ത് താഴത്ത് കനാൽ റോഡിൽ അതുൽ, കണ്ണൂർ മട്ടന്നൂർ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് 'ഡിങ്കൻ' എന്ന് വിളിക്കുന്ന ജിഷ്ണു ജയൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.