ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം കനകക്കുന്നിൽ തിരിതെളിയും
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് കനകക്കുന്നിൽ തുടക്കമാകും. വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ, പ്രമുഖ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.ശോഭനയുടെ നൃത്തവും കെ.എസ്. ഹരിശങ്കറിന്റെ സംഗീതസന്ധ്യയും ഇന്ന്
സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഓണം വാരാഘോഷത്തിന് ഇന്ന് (ആഗസ്റ്റ് 24) തുടക്കമാകും. വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, തിരുവനന്തപുരം മേയർ വി. വി. രാജേഷ്, ഡോ. ശശി തരൂർ എം. പി. തുടങ്ങി പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിൽ സാന്നിധ്യമാകും.
ഉദ്ഘാടനത്തിന് പിന്നാലെ പ്രശസ്ത ചലച്ചിത്രതാരം ശോഭന അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെ ഇത്തവണത്തെ കലാപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് രാത്രി ഏഴ് മണി മുതൽ കെ. എസ്. ഹരിശങ്കറിന്റെ സംഗീത സന്ധ്യയും നിശാഗന്ധിയിൽ അരങ്ങേറും.
ആഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന വാരാഘോഷത്തിൽ തലസ്ഥാന നഗരിയിൽ മാത്രം 35 വേദികളിലായി 340-ലേറെ കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 3,000-ത്തോളം കലാകാരന്മാർ തിരുവനന്തപുരത്ത് മാത്രം അണിനിരക്കും. മറ്റ് ജില്ലകളിലായി നൂറുകണക്കിന് വേദികൾ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തൊട്ടാകെ 8,000-ത്തോളം കലാകാരന്മാർ ആഘോഷങ്ങളുടെ ഭാഗമാകുമെന്നും സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും വിനോദസഞ്ചാര സാധ്യതകളും വിളിച്ചോതുന്ന രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് മേഖലകളായി തരംതിരിച്ചിട്ടുണ്ട്.
ആഗസ്റ്റ് 30-ന് വൈകിട്ട് 5 മണിക്ക് മാനവീയം വീഥിയിൽ നിന്ന് ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് സമാപനമാകും. കിഴക്കേകോട്ടയിൽ സമാപിക്കുന്ന ഘോഷയാത്രയിൽ 62 സർക്കാർ വകുപ്പുകളുടെ നിശ്ചലദൃശ്യങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലേറെ ഫോക്ക് കലാരൂപങ്ങളും അണിനിരക്കും. സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.