ചക്കക്കൊമ്പനെ തളയ്ക്കാൻ ദൗത്യം നാളെ ചിന്നക്കനാലിൽ നിരോധനാജ്ഞയും കർശന നിയന്ത്രണങ്ങളും
ചിന്നക്കനാൽ മേഖലയിൽ ഭീഷണി ഉയർത്തുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ നാളെ (നവംബർ 25) മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കും. സുരക്ഷയുടെ ഭാഗമായി 6 വാർഡുകളിൽ നിരോധനാജ്ഞയും ടൂറിസം, തോട്ടം ജോലികൾ എന്നിവയ്ക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തി
ചക്കക്കൊമ്പൻ ദൗത്യം നാളെ ചിന്നക്കനാലിൽ നിരോധനാജ്ഞ, ടൂറിസത്തിനും തോട്ടം ജോലികൾക്കും നിയന്ത്രണം
ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം നാളെ (നവംബർ 25) നടക്കും. അനുകൂല സാഹചര്യമാണെങ്കിൽ നാളെ തന്നെ ദൗത്യം പൂർത്തിയാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ദൗത്യത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി.
പ്രധാന നിയന്ത്രണങ്ങൾ:
നിരോധനാജ്ഞ: ദൗത്യം നടക്കുന്ന നവംബർ 25-ന് ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിൽ ബി.എൻ.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ ജനങ്ങൾ കൂട്ടംകൂടുന്നതിനും ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും.
ടൂറിസത്തിന് വിലക്ക്: ഇന്ന് (നവംബർ 24) മുതൽ നവംബർ 26 വരെ മേൽപ്പറഞ്ഞ ആറ് വാർഡുകളിലും എല്ലാവിധ ടൂറിസം പരിപാടികളും പൂർണ്ണമായും നിരോധിച്ചു.
തോട്ടം, തൊഴിലുറപ്പ് ജോലികൾ നിർത്തിവെക്കും: നവംബർ 25, 26 തീയതികളിൽ ഈ വാർഡുകളിലെ ഏലത്തോട്ടം പണികളും തൊഴിലുറപ്പ് ജോലികളും പൂർണ്ണമായും നിർത്തിവെക്കാൻ ഉത്തരവായിട്ടുണ്ട്.
ഡ്രോണുകൾക്ക് നിരോധനം: നവംബർ 25-ന് പ്രദേശത്ത് സ്വകാര്യ ഡ്രോണുകൾ പറത്തുന്നത് കർശനമായി നിരോധിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ:
മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിലാണ് ആനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ച് തിരികെ വനത്തിലേക്ക് അയക്കുന്ന നടപടികൾ നടക്കുക. ദൗത്യത്തിന്റെ ഭാഗമായി പോലീസ് നിയന്ത്രണം ആവശ്യമുള്ള 18 പോയിന്റുകൾ വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആനയിറങ്കൽ ജലാശയത്തിലൂടെ ആനയെ നിരീക്ഷിക്കുന്നതിനും, മയക്കുവെടി വെക്കുന്ന സമയത്ത് ആന ജലാശയത്തിൽ ഇറങ്ങുന്നത് തടയുന്നതിനും ഡാം സേഫ്റ്റി വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ സംഘം ഉൾപ്പെടെ രണ്ട് ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്ക്യൂ ടീം, ആനയുടെ ശരീരതാപനില നിയന്ത്രിക്കുന്നതിനായി വെള്ളം നിറച്ച മൊബൈൽ ടാങ്കർ യൂണിറ്റ് എന്നിവയും പ്രദേശത്ത് സജ്ജമാക്കും. ദേവികുളം സബ് കളക്ടർക്കാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.
ചക്കക്കൊമ്പനെ തളയ്ക്കാൻ ദൗത്യം നാളെ ചിന്നക്കനാലിൽ നിരോധനാജ്ഞയും കർശന നിയന്ത്രണങ്ങളും
എറണാകുളം ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ കായിക അധ്യാപക ഒഴിവ് അഭിമുഖം ഡിസംബർ 2 ന്
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് ജെസിഐ ഗ്രാമ സ്വരാജ് പുരസ്കാരം
സ്വന്തം ഹോണറേറിയം കാരുണ്യത്തിനായി മാറ്റിവെച്ച് മുഹമ്മദ് പനയ്ക്കൽ 264 രോഗികൾക്ക് ചികിത്സാ സഹായം നൽകി
ചെമ്പൈ സംഗീതോത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ആദരം
പട്ടയ അപേക്ഷകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും മന്ത്രി എ.പി അനിൽകുമാർ