ചെറുവട്ടൂർ ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ ഒ.പി കെട്ടിടം ആയുഷ് മേഖലയിൽ വിപ്ലവകരമായ മാറ്റമെന്ന് മന്ത്രി വീണാ ജോർജ്ജ്
ചെറുവട്ടൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു. ആയുഷ് മേഖലയിലെ വികസന നേട്ടങ്ങളും മന്ത്രി ചടങ്ങിൽ വിശദീകരിച്ചു.
'കടന്നുപോകുന്നത് ആയുഷ് മേഖലയിൽ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കിയ കാലഘട്ടം : മന്ത്രി വീണാ ജോർജ്ജ്
ചെറുവട്ടൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
ആയുഷ് മേഖലയിൽ നിരവധി സുപ്രധാന പദ്ധതികൾ യാഥാർത്ഥ്യമാക്കിയ കാലഘട്ടമാണിതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ചെറുവട്ടൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ചരിത്രത്തിൽ ആദ്യമായി വകുപ്പിൽ 250 ലേറെ തസ്തികകൾ സൃഷ്ടിച്ചു. 250 സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചു. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വവും, മാലിന്യ സംസ്കരണവും ഒക്കെ കണക്കിലെടുത്തുകൊണ്ട് ആയുഷ് കായകല്പ അവാർഡ് ആദ്യമായി നമ്മൾ നൽകി. 132 ആയുഷ് സ്ഥാപനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്. പതിനായിരത്തിലധികം ആയുഷ് യോഗ ക്ലബ്ബുകൾ സ്ഥാപിച്ചു. എട്ട് പുതിയ ഇൻ്റഗ്രേറ്റഡ് ആശുപത്രികൾക്കാണ് അനുമതി നൽകിയത്. ഇതിൽ നാല് എണ്ണത്തിൻ്റെ നിർമ്മാണം ആരംഭിച്ചു . ബാക്കി നാലെണ്ണം കൂടി നിർമ്മാണതിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഒരു കോടി രൂപ ചെലവിലാണ് ചെറുവട്ടൂർ ഗവ. ആയുർവേദ ആശുപത്രിയുടെ ആധുനിക സൗകര്യങ്ങളോടുള്ള പുതിയ ഒ.പി കെട്ടിടം ഒരുക്കുന്നത്.
നിർമ്മാണോദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷനായി. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം, ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം ബഷീർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൽജ ജോസ്, സത്താർ വട്ടക്കുടി, ബ്ലോക്ക് പഞ്ചായത്ത് അംഗം വൃന്ദ മനോജ്, വാർഡ് അംഗങ്ങളായ സി.കെ സത്യൻ, കെ.യു ഷെമീർ, അസീസ് മോളത്ത്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധി നാസർ വട്ടേക്കാടൻ, ചീഫ് മെഡിക്കൽ ഓഫീസർ സി.ആർ മിനി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

