ഭക്തർക്ക് ഓണസദ്യയ്ക്ക് പകരം മഞ്ഞച്ചോറ് ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ
ശബരിമലയിലെ ഓണസദ്യ മുടങ്ങിയതിലും സപോൺസർമാരെ ഒഴിവാക്കിയതിലും ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. ഭക്തർക്ക് സദ്യ നൽകാത്തതിൽ അന്വേഷണത്തിന് നിർദേശം നൽകി.
ശബരിമലയിൽ ഓണസദ്യ മുടങ്ങിയതിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ; അന്വേഷണത്തിന് നിർദേശം
പത്തനംതിട്ട: ശബരിമലയിൽ ഓണസദ്യ സംബന്ധിച്ച് പരാതി ഉയർന്നതിലും സ്‌പോൺസർമാരെ പൂർണമായി ഒഴിവാക്കിയതിലും തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഭക്തർക്ക് ഓണസദ്യ ലഭിച്ചില്ലെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ വിശദീകരണം തള്ളിയ മന്ത്രി, വിഷയത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി.
ശബരിമലയിലെ ടെൻഡർ നടപടികൾ വൈകുന്നതിലും മന്ത്രി തീവ്രമായ അതൃപ്തി രേഖപ്പെടുത്തി. മുൻവർഷങ്ങളിൽ ഉത്രാടം, തിരുവോണം, അവിട്ടം എന്നീ മൂന്നു ദിവസങ്ങളിൽ പരമ്പരാഗതമായി ഭക്തർക്കും ജീവനക്കാർക്കും സദ്യ നൽകിയിരുന്ന സ്ഥാനത്ത്, ഇത്തവണ സദ്യ ഒരു ദിവസമാക്കി ചുരുക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഓണസദ്യ നൽകിയ തിരുവോണദിവസം പോലും ജീവനക്കാർക്ക് മാത്രമാണ് സദ്യ ലഭിച്ചതെന്നും, ഭക്തർക്ക് പുലാവും (മഞ്ഞച്ചോറ്) ആണ് നൽകിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരു പന്തിയിൽ രണ്ടു വിളമ്പ് നടന്നു എന്ന തരത്തിൽ ചിത്രസഹിതമുള്ള പരാതിയാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
"സ്‌പോൺസർമാരും ഇടനിലക്കാരും വേണ്ടെന്നാണ് ബോർഡ് നിലപാട്. എന്നാൽ സ്‌പോൺസർമാർ എല്ലാവരും കള്ളന്മാരാണെന്ന് പറയാനാവില്ല. തികഞ്ഞ ദൈവവിശ്വാസികളായ ആളുകളും ഉണ്ടാകും. അങ്ങനെയുള്ളവരെ ഒഴിവാക്കി ബോർഡ് നേരിട്ട് കാര്യം നടത്തുമ്പോൾ അതിന്റേതായ മെച്ചം ഉണ്ടാകണമായിരുന്നു. എന്നാൽ ഇവിടെ അതുണ്ടായില്ല. പരമ്പരാഗത ആചാരങ്ങൾ ഒറ്റയടിക്ക് നിർത്തുന്നത് ശരിയല്ല. ഇത് ഭക്തരോട് കാണിക്കുന്ന തെറ്റായ സമീപനമാണ്," മന്ത്രി പറഞ്ഞു.
മര്യാദയ്ക്ക് സദ്യ കൊടുത്തിരുന്നെങ്കിൽ ഇത്തരമൊരു പരാതി ഉയരുമായിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, വരാനിരിക്കുന്ന തീർഥാടന കാലത്തിന് അധികം സമയമില്ലെന്നിരിക്കെ അപ്പം, അരവണ നിർമാണത്തിനുള്ള ഉൽപന്നങ്ങൾക്കായി ടെൻഡർ വിളിച്ചിട്ട് ആരും ഏറ്റെടുക്കാത്ത സാഹചര്യവും ബോർഡിന്റെ വീഴ്ചയാണെന്ന് മന്ത്രി വിമർശിച്ചു.