കേരളത്തിലെ ആദ്യ ‘ബെസ്’ പദ്ധതി ഡിസംബറിൽ കമ്മീഷൻ ചെയ്യും മലബാറിൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു മന്ത്രി സണ്ണി ജോസഫ്
കെഎസ്ഇബി ഉത്തര മലബാർ മേഖല അവലോകന യോഗത്തിൽ വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർദ്ദേശങ്ങൾ നൽകി. കേരളത്തിലെ ആദ്യ ‘ബെസ്’ പദ്ധതി ഡിസംബറിൽ കമ്മീഷൻ ചെയ്യും.
വൈദ്യുതി പരാതികൾക്ക് ഉടനടി പരിഹാരം കാണണം; നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കാൻ മന്ത്രി സണ്ണി ജോസഫ്
കൽപ്പറ്റ: വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രതിസന്ധികൾ എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരം കാണാൻ എംഎൽഎമാരുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ അടിയന്തരമായി സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർദ്ദേശിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ഉത്തര മലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോൺ വഴി ജനങ്ങൾ ഉന്നയിക്കുന്ന പരാതികളിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രതയോടെയും വേഗതയോടെയും ഇടപെടണം. വൈദ്യുതി മുടക്കത്തിന് പുറമെ മലബാറിന്റെ ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വോൾട്ടേജ് ക്ഷാമത്തിനും ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. അറ്റകുറ്റപ്പണികൾ കാരണമായോ അപ്രതീക്ഷിതമായോ വൈദ്യുതി വിതരണം തടസ്സപ്പെടുകയാണെങ്കിൽ, ആ വിവരം പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകൾ, വെബ്‌സൈറ്റ്, മാധ്യമങ്ങൾ എന്നിവ വഴി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് 'ബെസ്' പദ്ധതികൾ അടുത്ത മാർച്ചിനുള്ളിൽ
പകൽ സമയത്തെ സൗരോർജ്ജം ബാറ്ററിയിൽ സംഭരിച്ച് രാത്രിയിലെ പീക്ക് സമയങ്ങളിൽ (കൂടുതൽ വൈദ്യുതി ആവശ്യമുള്ള സമയം) വിതരണം ചെയ്യുന്ന 'ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം' (BESS) പദ്ധതിയിലെ മൂന്ന് പ്രോജക്ടുകൾ അടുത്ത മാർച്ചിന് മുമ്പ് കമ്മീഷൻ ചെയ്യുമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിൽ കേരളത്തിലെ ആദ്യത്തെ ബെസ് (BESS) പദ്ധതി കാസർകോട് മൈലാട്ടിയിൽ ഈ ഡിസംബറിൽ പ്രവർത്തനസജ്ജമാകും. രാത്രിയിലെ നാല് മണിക്കൂർ വിതരണത്തിനായി 125 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ സംഭരിക്കുക. കണ്ണൂർ ശ്രീകണ്ഠാപുരം പദ്ധതിക്ക് 160 MWh ശേഷിയും, കാസർകോട് മുള്ളേരിയ പദ്ധതിക്ക് 60 MWh ശേഷിയുമുണ്ട്. സർക്കാർ സ്ഥലം വിട്ടുനൽകുകയും സ്വകാര്യ കമ്പനി സൗരോർജ്ജം സംഭരിച്ച് രാത്രി വിതരണം ചെയ്യുകയും ചെയ്യുന്ന ഈ പദ്ധതി വഴി യൂണിറ്റിന് ഏഴ് രൂപയോളമേ സർക്കാറിന് ചെലവ് വരുന്നുള്ളൂ.
വയനാടിന് 'വൈദ്യുതി ഭവൻ' വേണം
വയനാട് ജില്ലയ്ക്ക് അടിയന്തരമായി ഒരു 'വൈദ്യുതി ഭവൻ' അനുവദിക്കണമെന്ന് സുൽത്താൻബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ യോഗത്തിൽ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലെയും ഉദ്യോഗസ്ഥർ നേരിടുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. മഴക്കാലത്ത് രാത്രികാലങ്ങളിൽ അധികമായി ഒരു ലൈൻമാന്റെ ഡ്യൂട്ടി കൂടി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ അടിയന്തരമായി തയ്യാറാക്കി നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ എംഎൽഎമാരായ കെ. വി സുമേഷ്, വി കുഞ്ഞികൃഷ്ണൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെഎസ്ഇബി നോർത്ത് മലബാർ റീജ്യൻ ചീഫ് എഞ്ചിനീയർ ടി. എസ് ജയശ്രീ, മറ്റ് വിദ്യുത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.