ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ഹൈക്കോടതി

ഗുരുവായൂർ ദേവസ്വത്തിന്റെ ഡിജിറ്റൽ പണമിടപാടുകളിലും ഓഡിറ്റിലും ഗുരുതര പോരായ്മകളുണ്ടെന്ന് ഹൈക്കോടതി. സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാൻ വിദഗ്ധ സ്ഥാപനത്തെ നിയോഗിക്കാൻ നിർദേശം.

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ഹൈക്കോടതി
ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ഹൈക്കോടതി

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഡിജിറ്റൽ ഇടപാടുകൾ സുതാര്യമാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓൺലൈൻ വഴിപാടുകളിലും ഡിജിറ്റൽ പണമിടപാടുകളിലും ഗുരുതരമായ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി. ഡിജിറ്റൽ പണമിടപാടുകളുടെ കൃത്യമായ അക്കൗണ്ടിങ് ഉറപ്പാക്കാനുള്ള സംവിധാനം നിലവിലില്ലെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ കർശന വിമർശനം. ദേവസ്വത്തിന്റെ സാമ്പത്തിക-ഭരണ സംവിധാനങ്ങൾ പൂർണമായും ഡിജിറ്റലാക്കാൻ വിദഗ്ധ സ്ഥാപനത്തെ നിയോഗിക്കാനും കോടതി നിർദേശിച്ചു.

​ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. വരവ്, ചെലവ്, വഴിപാടുകൾ, കരാറുകൾ, സ്റ്റോക്ക്, സ്വത്തുക്കൾ എന്നിവയെല്ലാം തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന സമഗ്ര ഡിജിറ്റൽ സംവിധാനം നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

​ഓഡിറ്റ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ:

​പണമിടപാടുകളിൽ അവ്യക്തത: ഓൺലൈൻ വഴിപാടുകൾ, പിഒഎസ് മെഷീനുകൾ, ക്യൂആർ കോഡ് വഴിയുള്ള ഇ-ഹുണ്ടി, കാർഡ് പേയ്മെന്റുകൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയുടെ കൃത്യമായ അക്കൗണ്ടിങ് ഉറപ്പാക്കാൻ സംവിധാനമില്ല. ഭക്തർക്ക് നൽകിയ രസീതിന്റെ റീപ്രിന്റ് സൗകര്യം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും ദേവസ്വം മറുപടി നൽകിയില്ല.

​തീർപ്പാക്കാത്ത ഓഡിറ്റ് ഒബ്ജക്ഷനുകൾ: 2011-12 മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടിയുടെ ഓഡിറ്റ് ഒബ്ജക്ഷൻ ഉന്നയിച്ചെങ്കിലും ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. 107.92 കോടിയിലധികം രൂപ നഷ്ടമായി കണക്കാക്കിയ തുകയും തീർപ്പാക്കിയിട്ടില്ല.

​43 വർഷമായി സ്വർണ പരിശോധനയില്ല: ക്ഷേത്രത്തിലെ സ്വർണം, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ വാർഷിക ഭൗതിക പരിശോധന 43 വർഷമായി നടത്തിയിട്ടില്ല. വിലയേറിയ വഴിപാടുകളായ വെങ്കല പാത്രങ്ങൾ, കശ്മീരി കുങ്കുമപ്പൂ തുടങ്ങിയവ പോലും കൃത്യമായി റജിസ്റ്ററുകളിൽ രേഖപ്പെടുത്തുന്നില്ലെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.

​ഈ ഗുരുതര വീഴ്ചകളുടെ പശ്ചാത്തലത്തിൽ, നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.