സംഗീതം, സിനിമ, നിയമം ജുഡീഷ്യൽ അക്കാദമി സെമിനാറിന്ഇന്ന് തുടക്കം
കല, സംസ്കാരം, പകർപ്പവകാശം, നിർമിതബുദ്ധി എന്നിവയുമായി ബന്ധപ്പെട്ട സമകാലിക നിയമപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ത്രിദിന ദേശീയ സെമിനാറിന് എറണാകുളം ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ ഇന്ന് തുടക്കമാകും.
സംഗീതം, സിനിമ, നിയമം നുവാൽസ്–കേരള ജുഡീഷ്യൽ അക്കാദമി ദേശീയ സെമിനാർ ഇന്നു മുതൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: സംഗീതം, സിനിമ, പകർപ്പവകാശം, നിര്‍മിതബുദ്ധി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സർഗാത്മക അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ സമകാലിക നിയമപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരള ജുഡീഷ്യൽ അക്കാദമിയും നുവാല്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സെമിനാർ ‘മ്യൂസിക്, സിനിമ ആന്‍ഡ് ലോ : എക്സ്പ്ലോറിങ് ദ ഇന്റര്‍സെക്ഷന്‍സ് ഓഫ് ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് ലോ’ സെപ്റ്റംബർ 11 മുതൽ 13 വരെ എറണാകുളം ബോൾഗാട്ടി പാലസ് ആന്‍ഡ് ഐലൻഡ് റിസോർട്ടിൽ നടക്കും.
ഇന്ന് വൈകിട്ട് 7.30 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. മോഹന മുഖ്യാതിഥിയാകും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൗമൻ സെൻ പ്രത്യേക പ്രഭാഷണം നടത്തും. കേരള ഹൈക്കോടതി ജഡ്ജിയും കേരള ജുഡീഷ്യൽ അക്കാദമി ബോർഡ് ഓഫ് ഗവർണേഴ്സ് പ്രസിഡന്റുമായ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ പ്രമേയാധിഷ്ഠിത പ്രഭാഷണം നടത്തും. നുവാല്‍സ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി സ്വാഗതം ആശംസിക്കും. കേരള ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാരും കേരള ജുഡീഷ്യൽ അക്കാദമി ബോർഡ് ഓഫ് ഗവർണേഴ്സ് അംഗങ്ങളും മന്ത്രിമാരും പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
സംഗീതത്തിലെ പകർപ്പവകാശം, സംഗീത കരാറുകൾ, നിര്‍മ്മിത ബുദ്ധിയും സാങ്കേതികവിദ്യയും വാണിജ്യ സംഗീതമേഖലയിൽ സൃഷ്ടിക്കുന്ന നിയമപ്രശ്നങ്ങൾ, സൗണ്ട് റെക്കോർഡിങ്ങുകളിലെ പകർപ്പവകാശം, സിനിമാ കരാറുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നൃത്തസംവിധാനത്തിലെ പകർപ്പവകാശം തുടങ്ങിയ വിഷയങ്ങൾ വിവിധ അക്കാദമിക സെഷനുകളിൽ ചർച്ച ചെയ്യും. സുപ്രീം കോടതി, വിവിധ ഹൈക്കോടതികൾ എന്നിവിടങ്ങളിലെ ജഡ്ജിമാർക്കൊപ്പം മുതിർന്ന അഭിഭാഷകർ, നിയമപണ്ഡിതർ, ചലച്ചിത്ര സംവിധായകർ, കലാകാരൻമാർ തുടങ്ങിയവർ സെഷനുകളിൽ പങ്കെടുക്കും.
നിയമചർച്ചകൾക്കൊപ്പം കലാ-സാംസ്കാരിക പരിപാടികളും സെമിനാറിന്റെ ഭാഗമായി നടക്കും. ഉദ്ഘാടന ദിവസം കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന “നവരസ” ശാസ്ത്രീയ നൃത്താവതരണവും കൊല്‍ക്കത്ത ഐടിസി സംഗീത് റിസര്‍ച്ച് അക്കാദമിയുമായി സഹകരിച്ചുള്ള സംഗീതപരിപാടിയും അരങ്ങേറും. തുടര്‍ന്ന് നങ്ങ്യാർകൂത്ത് ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളും ഉണ്ടാകും.
സെപ്റ്റംബർ 13ന് നടക്കുന്ന “ഇന്റര്‍പ്രെറ്റേഷന്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഇന്റര്‍പ്രെറ്റേഷന്‍ ഓഫ് ലോ” എന്ന സെഷനിൽ സംഗീതത്തിന്റെ വ്യാഖ്യാനവും നിയമത്തിന്റെ വ്യാഖ്യാനവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസ്, മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.വി. കാർത്തികേയൻ, സുപ്രീം കോടതി സീനിയർ അഡ്വക്കേറ്റ് ജയദീപ് ഗുപ്ത, സിത്താർ വിദഗ്ധൻ പണ്ഡിറ്റ് പാർഥ ചാറ്റർജി, കർണാടക സംഗീത ഗായകനും സംഗീതസംവിധായകനുമായ ശ്രീവത്സൻ ജെ. മേനോൻ എന്നിവർ പങ്കെടുക്കും. സമാപനദിനത്തിൽ പണ്ഡിറ്റ് ഉദയ് ഭാവൽക്കറുടെയും ശ്രീവത്സൻ ജെ. മേനോന്റെയും ശാസ്ത്രീയ സംഗീത പരിപാടികളും ഉണ്ടായിരിക്കും.