വാഹനാപകടത്തിൽ മസ്തിഷ്ക മരണം വടക്കാഞ്ചേരി സ്വദേശിനി നവോമി ഇനി ആറുപേരിലൂടെ ജീവിക്കും
കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച വടക്കാഞ്ചേരി സ്വദേശിനി നവോമി വിൻസെന്റിന്റെ (23) അവയവങ്ങൾ ദാനം ചെയ്തു. ആറ് പേർക്കാണ് നവോമി പുതുജീവൻ പകരുന്നത്.
മരണത്തിലും മാതൃകയായി നവോമി; വിടവാങ്ങിയത് ആറുപേർക്ക് പുതുജീവൻ നൽകി
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ വടക്കാഞ്ചേരി സ്വദേശിനി നവോമി വിൻസെന്റ് (23) ഇനി ആറുപേരിലൂടെ ജീവിക്കും. ദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ തീരുമാനമെടുത്ത നവോമിയുടെ കുടുംബത്തെ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ വിയോഗ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ വിൻസെന്റിന്റെ മകളായ നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഇതിൽ ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകി. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേക്കും, രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കുമാണ് (ആർഐഒ) കൈമാറിയത്. സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ 'കെ സോട്ടോ' (K-SOTO) ആണ് അവയവദാന പ്രക്രിയകൾ പൂർണമായും ഏകോപിപ്പിച്ചത്.
തൃശൂർ സെന്റ് തോമസ് കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നവോമി, തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാനായുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ജൂൺ 25ന് പുലർച്ചെ നാലോടെ കൊട്ടാരക്കര വാളകത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന അമ്മ ജിപ്സി തങ്കച്ചൻ, വാഹനം ഓടിച്ചിരുന്ന അനിയൻ ജോയൽ വിൻസെന്റ് എന്നിവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരിരുവരും നിലവിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നവോമിയുടെ മസ്തിഷ്ക മരണം ജൂൺ 28നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്. തുടർന്ന് അച്ഛൻ വിൻസെന്റും സഹോദരി എയ്ഞ്ചൽ മരിയ വിൻസെന്റും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. നവോമിയുടെ വേർപാടിലും മറ്റുള്ളവർക്ക് വെളിച്ചമേകാൻ തയ്യാറായ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.

