വധശ്രമക്കേസ് പ്രതിക്കെതിരെ കാപ്പ അനന്തു പ്രകാശ് വിയ്യൂർ ജയിലിൽ
കുറുപ്പംപടി, പെരുമ്പാവൂർ മേഖലകളിൽ നിരവധി കേസുകളിൽ പ്രതിയായ അനന്തു പ്രകാശിനെ കാപ്പ നിയമപ്രകാരം വിയ്യൂർ ജയിലിലടച്ചു. ജില്ലാ കളക്ടറുടേതാണ് നടപടി
വധശ്രമക്കേസ് പ്രതിക്കെതിരെ കാപ്പ: അനന്തു പ്രകാശ് വിയ്യൂർ ജയിലിൽ
പെരുമ്പാവൂർ: കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) നിയമപ്രകാരം ജയിലിലടച്ചു. വേങ്ങൂർ ചൂരത്തോട് പാറേമാലി വീട്ടിൽ അനന്തു പ്രകാശ് (26) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിറക്കിയത്. വധശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താൻ നടപടിയായത്.
കുറുപ്പംപടി പോലീസ് ഇൻസ്പെക്ടർ ടി.എൽ. സ്റ്റെപ്റ്റോ ജോൺ, സബ് ഇൻസ്പെക്ടർ ചിത്തുജി ബി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് രവി, അരുൺ കെ. കരുണൻ, സിവിൽ പോലീസ് ഓഫീസർ രജിത്ത് എം.ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മേഖലയിലെ ക്രമസമാധാന നില തകർക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.

