ഭൂട്ടാൻ കാർ കള്ളക്കടത്ത് നടൻ ദുൽഖർ സൽമാന്റെ മറ്റൊരു ആഡംബര കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു ഒരാൾ അറസ്റ്റിൽ

ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ആഡംബര കാറുകൾ കടത്തിയതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുമ്ഖോർ അന്വേഷണത്തിൽ, നടൻ ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ എന്ന സിനിമയിൽ ഉപയോഗിച്ച നിസാൻ പട്രോൾ കാർ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തു. കേസിൽ കോഴിക്കോട് സ്വദേശിയായ കാർ ഡീലർ അറസ്റ്റിൽ.

ഭൂട്ടാൻ കാർ കള്ളക്കടത്ത് നടൻ ദുൽഖർ സൽമാന്റെ മറ്റൊരു ആഡംബര കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു ഒരാൾ അറസ്റ്റിൽ
ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' എന്ന സിനിമയിൽ ഉപയോഗിച്ച നിസാൻ പട്രോൾ കാർ

​കൊച്ചി: ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ആഡംബര കാറുകൾ കടത്തുന്ന വൻ റാക്കറ്റിനെതിരെയുള്ള ‘ഓപ്പറേഷൻ നുമ്ഖോറി’ന്റെ ഭാഗമായി നടൻ ദുൽഖ‍ർ സൽമാന്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പ്രിവന്റീവ് ഓഫിസ് പിടിച്ചെടുത്തു. ദുൽഖർ നായകനായി അഭിനയിച്ച ‘ലക്കി ഭാസ്കർ’ എന്ന തെലുങ്കു സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോള്‍ കാറാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. എൽദോ പോൾ എന്നയാളുടെ ഉടമസ്ഥതയിലുള്ള കളമശേരിയിലെ 'സിഗ്നേച്ചർ കാർസ്' എന്ന ഷോറൂമിൽ നിന്നാണ് വാഹനം കണ്ടെടുത്തത്. ഭൂട്ടാൻ/നേപ്പാൾ അതിർത്തികൾ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത വാഹനമാണിതെന്ന ന്യായമായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

​വാഹനക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ 'എംഎസ് റോഡ്‌വേ കാർസി'ന്റെ പങ്കാളിയായ സൈൻ മാർവ എന്നയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് 1.5 കോടി രൂപയിലധികം വിലമതിക്കുന്ന 7 എസ്‍യുവികൾ കടത്തിയതിനാണ് കസ്റ്റംസ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മാത്രം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം ഏഴ് ആഡംബര വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

​തുടർക്കഥയാകുന്ന സിനിമാ താരം - ആഡംബര കാർ ബന്ധം

​മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ‘ഓപ്പറേഷൻ നുമ്ഖോർ’ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലും ദുൽഖർ സൽമാന്റെ പക്കൽനിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോൾ തുടങ്ങിയ ആഡംബര വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. എന്നാൽ, താൻ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് നിയമപരമായി കാറുകൾ വാങ്ങിയതെന്ന് വ്യക്തമാക്കി ദുൽഖർ കോടതിയെ സമീപിക്കുകയായിരുന്നു.

​തുടർന്ന് ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തിൽ കോടതി വാഹനങ്ങൾ ദുൽഖറിന് വിട്ടുകൊടുത്തു. അനുമതിയില്ലാതെ ഈ കാറുകൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും ആവശ്യപ്പെടുമ്പോൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കണമെന്നുമുള്ള കർശന വ്യവസ്ഥകളോടെയാണ് കോടതി അന്ന് അനുമതി നൽകിയത്.

​അസം ആർടിഒ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ്; വ്യാജ രജിസ്ട്രേഷൻ ലക്ഷദ്വീപിൽ!

​കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ അസം കേന്ദ്രീകരിച്ച് നടന്ന വൻ തട്ടിപ്പാണ് പുറത്തുവന്നത്. വ്യാജ രേഖകൾ ചമച്ച് അസമിൽ 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് അസം പോലീസ് ബോങ്യാഗാവോൺ ഡിടിഒ, ബോങ്യാഗാവോൺ ജോയിന്റ് ടിഡിടിഒ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഈ തട്ടിപ്പിൽ ഏഴോളം പേർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

​തുടർന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ അസമിലെ ബോങ്യാഗാവോൺ ഡിടിഒ ആയ ദീപക് പൊഠാവാരിയെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തു. ഈ വാഹനങ്ങളുടെയെല്ലാം ആദ്യ രജിസ്ട്രേഷൻ ലക്ഷദ്വീപിന്റെ പേരിലാണ് കാണിച്ചിരുന്നത് എന്നത് അന്വേഷണസംഘത്തെ ഞെട്ടിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാജമായി രജിസ്റ്റർ ചെയ്ത ശേഷമാണ് ഇവ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തത്.

​തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ബിശ്വജിത് ദാസ് ഭൂട്ടാനിൽനിന്ന് എത്തിച്ച ആഡംബര എസ്‍യുവികൾ ഡൽഹി സ്വദേശിയായ ഇടനിലക്കാരൻ വഴിയാണ് കോഴിക്കോട്ടെ എംഎസ് റോഡ്‌വേ കാർസിന് വിറ്റത്. ഇപ്പോൾ അറസ്റ്റിലായ സൈൻ മാർവയ്ക്ക് ഈ തട്ടിപ്പ് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇയാളാണ് കേരളത്തിൽ കള്ളക്കടത്ത് എസ്‍യുവികൾ വിതരണം ചെയ്ത പ്രധാനിയെന്നും കസ്റ്റംസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാ രംഗത്തുള്ളവരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.