ഗ്രാമീണ സംരംഭകർക്ക് പുതുവഴിയൊരുക്കി ‘ഗ്രാമോദയ ലോഞ്ച്’ കൊച്ചിയിലെ പ്രദർശനം വൻ വിജയം
ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ഇ കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസായ ‘ഗ്രാമോദയ’യുടെ ലോഞ്ചും എക്സ്പോയും കൊച്ചിയിൽ വൻ വിജയമായി സമാപിച്ചു. ഹൈബി ഈഡൻ എം.പി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ സംരംഭകർക്ക് പുതുവഴിയൊരുക്കി ‘ഗ്രാമോദയ ലോഞ്ച്’; കൊച്ചിയിലെ പ്രദർശനം വൻ വിജയം
കൊച്ചി: ഗ്രാമീണ സംരംഭകർക്ക് ഡിജിറ്റൽ വിപണിയുടെ പുത്തൻ സാധ്യതകൾ തുറന്നുനൽകിക്കൊണ്ട് സംഘടിപ്പിച്ച 'ഗ്രാമോദയ ലോഞ്ച്' സംരംഭകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഗ്രാമീണ ഉൽപന്നങ്ങളുമായി എറണാകുളം ടൗൺ ഹാൾ, ഇ.എം.എസ്. എ.സി ടൗൺ ഹാൾ എന്നിവിടങ്ങളിൽ ജൂൺ 27, 28 തീയതികളിലാണ് എക്സ്പോ നടന്നത്. പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനബാഹുല്യമാണ് സൗജന്യമായി ഒരുക്കിയ ഈ പ്രദർശനം കാണാൻ എത്തിയത്.
വനിതാ സംരംഭകരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളായിരുന്നു എക്സ്പോയുടെ പ്രധാന ആകർഷണം. വിവിധയിനം അച്ചാറുകൾ, ചമ്മന്തികൾ, മീൻ-ഇറച്ചി വിഭവങ്ങൾ, നാടൻ ധാന്യങ്ങൾ, പഴച്ചാറുകൾ തുടങ്ങി നാട്ടുരുചിയുടെ വൻ ശേഖരം തന്നെ ഇവിടെ ഒരുക്കിയിരുന്നു. കൂടാതെ, പരമ്പരാഗത കരകൗശല ഉൽപ്പന്നങ്ങളും എക്സ്പോയ്ക്ക് മാറ്റുകൂട്ടി.
രാജ്യത്തെ ആദ്യ എ.ഐ അധിഷ്ഠിത ഗ്രാമീണ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം
ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി (AI), ഓട്ടോമേഷൻ എന്നിവയുടെ കരുത്തിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസാണ് 'ഗ്രാമോദയ'.
കേരളത്തിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട സംരംഭകർ, കർഷകർ, കരകൗശല വിദഗ്ധർ, കുടുംബശ്രീ യൂണിറ്റുകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവർക്ക് ആഗോള വിപണി ലഭ്യമാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. അത്യാധുനിക സി.ആർ.എം സംവിധാനം, ഡിജിറ്റൽ വെൻഡർ മാനേജ്‌മെന്റ്, ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷൻ എന്നിവ സമന്വയിപ്പിച്ചാണ് ഗ്രാമോദയ പ്രവർത്തിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന വെണ്ടർമാർക്ക് ദിവസേനയുള്ള വിപണി വിവരങ്ങൾ, പരിശീലനങ്ങൾ, ഓർഡർ അപ്‌ഡേറ്റുകൾ എന്നിവ സ്വയമേവ ലഭ്യമാകുന്ന സാങ്കേതികവിദ്യയും ഇതിലുണ്ട്.
ഹൈബി ഈഡൻ എം.പിയാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാംറൈസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒ യുമായ ഡോജോ ജോസ് എക്സ്പോയ്ക്ക് നേതൃത്വം നൽകി. പ്രദർശനത്തോടനുബന്ധിച്ച് സന്ദർശകർക്കായി സംഗീതവിരുന്നും പ്രത്യേക നറുക്കെടുപ്പും സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മുതൽ രാത്രി 8 മണി വരെയായിരുന്നു പ്രദർശനം