എറണാകുളം ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം 16 അപേക്ഷകൾ തീർപ്പാക്കി വ്യവസായ നിക്ഷേപങ്ങൾക്ക് മുൻഗണന നൽകാൻ കളക്ടർ
എറണാകുളം ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡിന്റെയും പരാതി പരിഹാര സമിതിയുടെയും സംയുക്ത യോഗത്തിൽ 16 അപേക്ഷകൾ തീർപ്പാക്കി. നാട്ടിൽ കൂടുതൽ വ്യവസായ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വരണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക.
വ്യവസായങ്ങൾക്ക് വേഗതയേകും: ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിൽ 16 അപേക്ഷകൾ തീർപ്പാക്കി
കൊച്ചി : ജില്ലയിലെ വ്യവസായ സംരംഭകരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനും വിവിധ ലൈസൻസ് അപേക്ഷകളിൽ ഉടനടി നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡിന്റെയും ജില്ലാതല പരാതി പരിഹാര സമിതിയുടെയും സംയുക്ത യോഗം ചേർന്നു. യോഗത്തിൽ പരിഗണനയ്ക്ക് വന്ന വിവിധ അപേക്ഷകളിൽ 16 എണ്ണം അടിയന്തരമായി തീർപ്പാക്കി.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ചെയർപേഴ്സണും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിൽ ആകെ 24 അപേക്ഷകളാണ് പരിഗണിച്ചത്. ഇതിൽ നിയമപരമായ പരിശോധനകൾ പൂർത്തിയാക്കിയ 16 അപേക്ഷകളിലാണ് അനുകൂല തീരുമാനമുണ്ടായത്. ഇതിന് പുറമെ, ജില്ലാതല പരാതി പരിഹാര സമിതിക്ക് മുന്നിലെത്തിയ ആറ് അപേക്ഷകളിൽ മൂന്നെണ്ണവും യോഗത്തിൽ തീർപ്പാക്കി. ആവശ്യമായ അധിക വിവരങ്ങൾ ലഭ്യമാക്കാത്തതും, അപേക്ഷകർ നേരിട്ട് ഹാജരാകാത്തതുമായ 11 കേസുകൾ അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
നമ്മുടെ നാട്ടിൽ കൂടുതൽ വ്യവസായ നിക്ഷേപങ്ങളും അതുവഴി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. അതുകൊണ്ട് തന്നെ തങ്ങൾക്ക് മുന്നിൽ എത്തുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും, നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പരമാവധി പ്രായോഗിക പരിഹാരം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ്, മാനേജർ ജി. വിനോദ് എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അനുമതികൾ വൈകുന്നത് ഒഴിവാക്കാൻ ഇത്തരം യോഗങ്ങൾ വരും ദിവസങ്ങളിലും സജീവമാക്കാനാണ് സമിതിയുടെ തീരുമാനം.

