തുടക്കം സിനിമയിലെ ഹൃദയസ്പർശിയായ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടക്കം സിനിമയിലെ തളിരോമലേ... എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലും വിസ്മയ മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്നു.

തുടക്കം സിനിമയിലെ ഹൃദയസ്പർശിയായ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
സിനിമ പോസ്റ്റർ

‘തുടക്കം’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി; ചിത്രയുടെ ആലാപനത്തിൽ മനസ്സ് കവർന്ന് ‘തളിരോമലേ...’

കൊച്ചി: മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്രയുടെ ആലാപനത്തിൽ ഒരുങ്ങിയ 'തുടക്കം' സിനിമയിലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. "തളിരോമലേ... ചെറു തൂവലേ..." എന്ന് തുടങ്ങുന്ന ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോപോളിൻ്റെ വരികൾക്ക് ജെയ്ക്സ് ബിജോയ്സ് ആണ് ഈണം പകർന്നിരിക്കുന്നത്. മാതാപിതാക്കളുടെ പൊന്നോമനയായ മകളെക്കുറിച്ച് അമ്മ പാടുന്ന ഈ ഗാനം ഹൃദയസ്പർശിയായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ്.

​ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച്, മലയാളി പ്രേക്ഷകർക്ക് '2018' എന്ന ദൃശ്യവിസ്മയം സമ്മാനിച്ച ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. ആഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇതിന് മുന്നോടിയായാണ് ഇപ്പോൾ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

​വിസ്മയ മോഹൻലാലിൻ്റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒപ്പം മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാലും ചിത്രത്തിൽ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു സാധാരണ കുടുംബത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വലിയ വഴിത്തിരിവുകളുണ്ടാകുമെന്നാണ് സൂചന.

​മലയാളത്തിൻ്റെ പ്രിയ നടി ചിപ്പിയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവും ഈ ഗാനരംഗത്തിൻ്റെ ആകർഷണമാണ്. ചിപ്പിക്കൊപ്പം വിസ്മയ മോഹൻലാൽ, സായ്കുമാർ, പുതുമുഖം ആശിഷ് ജോ ആൻ്റണി, എസ്സാ എന്നിവരും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേഷ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

​ഡോ. എമിൽ ആൻ്റണിയും ഡോ. അനീഷ ആൻ്റണിയുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്.

അണിയറപ്രവർത്തകർ:

അഖിൽ ജോർജ്, ജോമോൻ ടി. ജോൺ (ഛായാഗ്രഹണം), ചമൻ ചാക്കോ (എഡിറ്റിംഗ്), സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈൻ), ജിതേഷ് പൊയ്യ (മേക്കപ്പ്), അരുൺ മനോഹർ (കോസ്റ്റ്യം ഡിസൈൻ), സൈലക്സ് ഏബ്രഹാം (ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ), മനോഹരൻ കെ. പയ്യന്നൂർ (ഫിനാൻസ് കൺട്രോളർ), വിനോദ് ശേഖർ, ശ്രീക്കുട്ടൻ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്), ബിജു തോമസ് (പ്രൊഡക്ഷൻ കൺട്രോളർ)