വിജയ്‌യുടെ രാഷ്‌ട്രീയ പാർട്ടി സമ്മേളനം സ്‌കൂളിൽ തത്സമയം പ്രദർശിപ്പിച്ചു പ്രധാനാധ്യാപികയ്‌ക്ക് സസ്‌പെൻഷൻ
കരുരിൽ നടൻ വിജയ് പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ ദൃശ്യങ്ങൾ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ചതിനെത്തുടർന്ന് പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് കർശന ഉത്തരവിറക്കി.
വിജയ്‌യുടെ രാഷ്‌ട്രീയ പാർട്ടി സമ്മേളനം സ്‌കൂളിൽ തത്സമയം പ്രദർശിപ്പിച്ചു; പ്രധാനാധ്യാപികയ്‌ക്ക് സസ്‌പെൻഷൻ
ചെന്നൈ: തമിഴ് നടൻ വിജയ് കരുരിൽ പങ്കെടുത്ത പൊതുസമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ച പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. ഔദ്യോഗിക ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂൾ പ്രധാനാധ്യാപിക എസ്. മല്ലികയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്.
സ്കൂളുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളും ദൃശ്യപ്രചാരണങ്ങളും വിലക്കിക്കൊണ്ട് തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ കഴിഞ്ഞ ദിവസം കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് ലംഘിച്ച അധ്യാപികയ്‌ക്കെതിരെ നടപടിയുണ്ടായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ പഠനത്തിന് മാത്രമുള്ളതാണെന്നും അവിടെ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇനി മുതൽ ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും സ്കൂളുകളിൽ പ്രവേശന അനുമതി നൽകുകയെന്നും മന്ത്രി രാജ് മോഹൻ പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.