വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
വയനാട് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് കളക്ടർ ഉത്തരവിട്ടു. എന്നാൽ മേപ്പാടി, കുറുവ ദ്വീപ്, എടയ്ക്കൽ ഗുഹ തുടങ്ങിയ ഇടങ്ങളിൽ നിയന്ത്രണം തുടരും.
വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു; മേപ്പാടിയിലും കുറുവാ ദ്വീപിലും നിയന്ത്രണം തുടരും
കല്പറ്റ: കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 11 മുതൽ 14 വരെ ജില്ലയിൽ പച്ച (Green) അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയതെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ഇതോടെ ജില്ലയിലെ ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തനം പുനരാരംഭിക്കാം.
എന്നാൽ ദുരന്തസാധ്യത നിലനിൽക്കുന്ന ചില പ്രദേശങ്ങളിൽ നിയന്ത്രണം തുടരും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട് മുതൽ 13 വരെയുള്ള വാർഡുകളിലെ (8, 9, 10, 11, 12, 13) ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടില്ല.
ഇതിനുപുറമേ അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എടയ്ക്കൽ ടൂറിസം കേന്ദ്രം, മാനന്തവാടി താലൂക്കിലെ മുനീശ്വരംകുന്ന്, കുറുവ ദ്വീപ് ടൂറിസം കേന്ദ്രങ്ങൾ എന്നിവയും അടഞ്ഞുതന്നെ കിടക്കും.
ജില്ലയിൽ ക്വാറികളുടെ പ്രവർത്തനങ്ങൾക്കും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്നും കളക്ടർ വ്യക്തമാക്കി. ഉത്തരവ് ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.