ഇന്ത്യയിലെ ഒന്നാമൻ ദേശീയ പഞ്ചായത്ത് അവാർഡ് തിളക്കത്തിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്
2025 ലെ നാനാജി ദേശ്മുഖ് സർവ്വോത്തം പഞ്ചായത്ത് സദദ് വികാസ് പുരസ്കാരത്തിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. രണ്ട് കോടി രൂപയാണ് പുരസ്കാര തുക.
ദേശീയ പുരസ്കാര തിളക്കത്തിൽ ഹരിപ്പാട്; രാജ്യത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു
ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ 2025-ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ അഭിമാന നേട്ടവുമായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്. നാനാജി ദേശ്മുഖ് സർവ്വോത്തം പഞ്ചായത്ത് സദദ് വികാസ് പുരസ്കാര വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി ഹരിപ്പാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട് കോടി രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
ഗ്രാമീണ വികസനം, സുസ്ഥിര പുരോഗതി, ജനപങ്കാളിത്തം, ശുചിത്വം, കാർഷിക മുന്നേറ്റം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ കാഴ്ചവച്ച സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഹരിപ്പാടിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. 2023-24 സാമ്പത്തിക വർഷത്തിൽ ബ്ലോക്കിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകൾ നടപ്പിലാക്കിയ മാതൃകാപരമായ വികസന പദ്ധതികളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ഈ ദേശീയ അംഗീകാരം പ്രഖ്യാപിച്ചത്.
ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞത് ഹരിപ്പാടിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ പ്രതികരിച്ചു. ഈ അംഗീകാരം വരുംകാല പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരസ്കാരദാന ചടങ്ങ് പിന്നീട് നടക്കും.

