രോഗബാധിതയായ കുട്ടിയാന മായ ചികിത്സയ്ക്കായി സിയാലിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു

കോടനാട് അഭയാരണ്യത്തിലെ അസ്ഥിക്ഷയം ബാധിച്ച മായ എന്ന കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്കു കൊണ്ടുപോയി. വൻതാര ഫൗണ്ടേഷന്റെ പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നായിരുന്നു യാത്ര.

രോഗബാധിതയായ കുട്ടിയാന മായ ചികിത്സയ്ക്കായി സിയാലിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു
രോഗബാധിതയായ കുട്ടിയാന 'മായ' ചികിത്സയ്ക്കായി സിയാലിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു

​രോഗബാധിതയായ കുട്ടിയാന 'മായ' ചികിത്സയ്ക്കായി സിയാലിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു

കൊച്ചി: ജന്മനാ അസ്ഥിക്ഷയം (ഒസ്റ്റിയോപീനിയ) ബാധിച്ച് കിടപ്പിലായ 'മായ' എന്ന കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് കൊണ്ടുപോയി. വൻതാര ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടേർഡ് വിമാനത്തിലാണ് ആനക്കുട്ടിയെ കൊണ്ടുപോയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) എയർ കാർഗോ വിഭാഗമാണ് യാത്രാസൗകര്യങ്ങൾ ഒരുക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടു.

​നേരത്തെ ദയാവധം വരെ നിർദേശിക്കപ്പെട്ടിരുന്ന കേസിലാണ് വനംവകുപ്പിന്റെ ഇടപെടൽ വഴി വഴിത്തിരിവുണ്ടാകുന്നത്. കേരളത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന്, ചീഫ് വൈൽഡ്‍ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, അസി. ഫോറസ്റ്റ് കൺസർവേറ്റർ ജ്യോതിഷ് ജെ. ഒഴാക്കൽ എന്നിവരുടെ ശ്രമഫലമായാണ് വൻതാര അധികൃതരുമായി ബന്ധപ്പെടുന്നത്.

​രക്തപരിശോധനാ ഫലങ്ങളും എക്സ്റേയും പരിശോധിച്ച ശേഷം, വിഡിയോ കോൺഫറൻസ് വഴി വൻതാരയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം മായയുടെ ആരോഗ്യനില വിലയിരുത്തി. തുടർന്നാണ് കൂടുതൽ പരിശോധനകൾക്കുമായി മായയെ ജാംനഗറിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാക്കിയാണ് കുട്ടിയാനയെ വിമാനത്തിൽ കയറ്റിയത്. വെറ്ററിനറി സംഘവും വനംവകുപ്പിലെ പ്രത്യേക ഉദ്യോഗസ്ഥരും യാത്രയിൽ മായയെ അനുഗമിക്കുന്നുണ്ട്.

​പെരിയാറിന്റെ തീരത്തുനിന്നുള്ള അതിജീവനം

​2025 ഏപ്രിൽ 18-നാണ് മലയാറ്റൂർ ഡിവിഷനിലെ കപ്രിക്കാടിന് സമീപം പെരിയാർ നദി കടക്കുന്നതിനിടയിൽ ജനിച്ചയുടനെയുള്ള ഈ പെൺ ആനക്കുട്ടി അമ്മയിൽ നിന്നും കാട്ടാനക്കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുന്നത്. കടുത്ത നിർജ്ജലീകരണവും ക്ഷീണവും കാരണം അമ്മയാനയ്ക്ക് കുഞ്ഞിനെ കൂടെക്കൂട്ടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാനയെ കോടനാട് അഭയാരണ്യത്തിൽ സംരക്ഷിച്ചു വരികയായിരുന്നു.

​ഇക്കഴിഞ്ഞ ഏപ്രിലിൽ ആനക്കുട്ടിയുടെ ഒന്നാം ജന്മദിനം വനംവകുപ്പും ജീവനക്കാരും ചേർന്ന് ആഘോഷിച്ചിരുന്നു. 2026 ജൂണിൽ കപ്രിക്കാട് സന്ദർശിച്ച കേന്ദ്ര പരിസ്ഥിതി-വനം സഹമന്ത്രി കീർത്തിവർധൻ സിങ്ങാണ് കുട്ടിയാനയ്ക്ക് 'മായ' എന്ന് ഔദ്യോഗികമായി പേരിട്ടത്.

​എല്ലുകൾ നുറുങ്ങുന്ന അപൂർവ്വ രോഗം

​കഴിഞ്ഞ ജൂലൈയിൽ വീഴ്ചയെ തുടർന്ന് മായയുടെ വലതു തോളിന് ക്ഷതമേറ്റിരുന്നു. ചികിത്സയിലൂടെ ഇത് ഭേദമായെങ്കിലും പിന്നീട് അപ്രതീക്ഷിതമായി കൈയിലെയും കാലിലെയും എല്ലുകൾക്ക് പൊട്ടൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് എല്ലുകൾ നുറുങ്ങുന്ന ഒസ്റ്റിയോപീനിയ രോഗം സ്ഥിരീകരിക്കുന്നത്. എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലായ മായയ്ക്ക് ലാക്ടജൻ കലക്കിയാണ് നിലവിൽ ഭക്ഷണം നൽകുന്നത്.

​ആറു മാസത്തെ ചികിത്സയാണ് വൻതാര അധികൃതർ നിശ്ചയിച്ചിരിക്കുന്നത്. വിദഗ്ധ പരിചരണത്തിലൂടെ രോഗം ഭേദമായി മായക്കുട്ടി തിരികെ അഭയാരണ്യത്തിലേക്ക് എത്തും എന്ന പ്രതീക്ഷയിലാണ് വനംവകുപ്പും ജീവനക്കാരും.