യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ

മാതിരപ്പിള്ളിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ കോതമംഗലം പോലീസിന്റെ പിടിയിൽ. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ
ചെറുവട്ടൂർ കുരുവി നാംപാറ പാലക്കാട്ട് വീട്ടിൽ അനസ് (38), സഹോദരൻ അജിംസ് (38) എന്നിവരെയാണ് പിടികൂടിയത്.

​കൊലപാതകശ്രമ കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങൾ കോതമംഗലം പോലീസിന്റെ പിടിയിൽ

​കോതമംഗലം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചെറുവട്ടൂർ കുരുവി നാംപാറ പാലക്കാട്ട് വീട്ടിൽ അനസ് (38), സഹോദരൻ അജിംസ് (38) എന്നിവരെയാണ് പിടികൂടിയത്.

​കഴിഞ്ഞ ജൂൺ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതിരപ്പിള്ളി ഇഞ്ചൂർ പാലത്തിന് സമീപം വെച്ച് പരിക്കേറ്റ യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ പ്രതികൾ സ്കൂട്ടർ വട്ടം വെച്ച് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാഹനം സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് ഇവർ തമ്മിൽ മുൻപ് വാക്കുതർക്കം ഉണ്ടായിരുന്നതായും, ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

​സംഭവത്തിനുശേഷം തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. കോതമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് ഇരുവരും. അനസിനെതിരെ കോതമംഗലം, പോത്താനിക്കാട് പോലീസ് സ്റ്റേഷനുകളിലായി മറ്റ് കേസുകളും നിലവിലുണ്ട്. അജിംസ് കോതമംഗലം സ്റ്റേഷനിലെ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ്.

​കോതമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ. അജികുമാർ, എ.എസ്.ഐ. എൽദോസ് അബ്രഹാം, എസ്.സി.പി.ഒ. പ്രവീൺ, സി.പി.ഒ. ദയേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.