ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക കാഷ്വാലിറ്റി വാർഡ് പ്രവർത്തനം ആരംഭിച്ചു 70 കോടിയുടെ വികസന പദ്ധതി
ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരത്തിലെ കാഷ്വാലിറ്റി വാർഡ് എം.എൽ.എ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക കാഷ്വാലിറ്റി വാർഡ് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനത്തിൽ നിർണായക വഴിത്തിരിവ്. ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരത്തിലെ കാഷ്വാലിറ്റി വാർഡിന്റെ പ്രവർത്തനോദ്ഘാടനം എം.എൽ.എ രമ്യ ഹരിദാസ് നിർവഹിച്ചു. മികച്ച ആരോഗ്യപരിചരണവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 70 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
തീരദേശ മേഖലയായ ചിറയിൻകീഴിലെ ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ സർക്കാർ ആശുപത്രികൾ കൂടുതൽ വലിയ ആശ്രയകേന്ദ്രമായി മാറണമെന്ന് ഉദ്ഘാടനച്ചടങ്ങിൽ എം.എൽ.എ പറഞ്ഞു.
ലഭ്യമാകുന്ന പ്രധാന സൗകര്യങ്ങൾ:
അത്യാധുനിക കാഷ്വാലിറ്റിയും എക്സ്-റേയും: അടിയന്തര ചികിത്സ ഉറപ്പാക്കാൻ കാഷ്വാലിറ്റിക്കൊപ്പം ആധുനിക എക്സ്-റേ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
71 കിടക്കകളോടെ പുതിയ ഐ.പി ബ്ലോക്ക്: പുതുതായി നിർമിച്ച ഐ.പി ബ്ലോക്കിൽ സ്ത്രീകളുടെ വാർഡിൽ 34 കിടക്കകളും പുരുഷന്മാരുടെ വാർഡിൽ 37 കിടക്കകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
20 ഡയാലിസിസ് മെഷീനുകൾ: നിലവിലുള്ള 8 ഡയാലിസിസ് മെഷീനുകൾക്ക് പുറമേ 12 പുതിയ മെഷീനുകൾ കൂടി പ്രവർത്തനം ആരംഭിക്കും. ഇതോടെ ആകെ 20 ഡയാലിസിസ് മെഷീനുകൾ പുതിയ മന്ദിരത്തിൽ ലഭ്യമാകും.
ബ്ലഡ് ബാങ്ക്: അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബ്ലഡ് ബാങ്കും കെട്ടിടത്തിൽ ഉടൻ സജ്ജമാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അൻസാർ എ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂഡ് ജോർജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി കൃഷ്ണ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹനൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിച്ചു ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു
എവിടെയായാലും ജന്മനാടിനെ മറക്കില്ല മരടിലെ ഓർമകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
സിനിമാക്കഥയെ വെല്ലുന്ന റെയ്ഡ് കുളുവിലെ മഞ്ഞുമലയിൽ വേഷംമാറി കേരള പോലീസ് വൻ മയക്കുമരുന്ന് കേസിലെ പ്രധാനി പിടിയിൽ
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക കാഷ്വാലിറ്റി വാർഡ് പ്രവർത്തനം ആരംഭിച്ചു 70 കോടിയുടെ വികസന പദ്ധതി
എസ്എംഎ ബാധിതർക്ക് ആശ്വാസമായി കളമശ്ശേരി പോലീസ് സേന
ശബരിമല തീർഥാടന ഇടത്താവളങ്ങളിൽ ഭക്ഷണവില നിശ്ചയിച്ചു ചായയ്ക്ക് 15, ഊണിന് 80 രൂപ